ഗൾഫ് മാധ്യമം കമോൺ കേരള ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ഉദ്ഘാടനം ചെയ്യും

ഗൾഫ് മാധ്യമം കമോൺ കേരള മേളക്ക് ഇന്ന് തുടക്കമാകും. ഷാർജ എക്സ്പോ സെന്റററിൽ രാവിലെ പത്ത് മുതൽ പ്രദർശനം ആരംഭിക്കും. മേള വൈകുന്നേരം നാലിന് ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ഉദ്ഘാടനം ചെയ്യും. ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരള വേദിയുടെ അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാവിലെ മുതൽ കമോൺ കേരള പ്രദർശനം സജീവമാകും. രണ്ടായിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന ലിറ്റിൽ ആർട്ടിസ്റ്റ് തൽസമയ ചിത്രരചനാ മത്സരം ഉച്ചക്ക് രണ്ടരക്ക് ആരംഭിക്കും.

നാല് മുതൽ ഏഴ് വരെ വയസുള്ള ജൂനിയർ വിദ്യാർഥികളുടെ മത്സരമാണ് ആദ്യദിവസം നടക്കുക. ഡസർട്ട് മാസ്റ്റർ തത്സമയ പാചക മത്സരവും ഇതേ സമയം മറ്റൊരു വേദിയിൽ നടക്കും. നാലരക്ക് ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, വൈസ് ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാതിർ എന്നിവർ പങ്കെടുക്കും. സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർവഹിക്കും.

ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ മുഖ്യാതിഥിയായിരിക്കും. അഞ്ച് മുതൽ ഏഴ് വരെ കല്ലുവും മാത്തുവും അവതരിപ്പിക്കുന്ന മച്ചാൻസ് ഇൻ ഷാർജ അരങ്ങേറും. വൈറൽ ഗായകരായ ജാസിം, ആയിഷ അബ്ദുൽബാസിത്, മേഘ്ന, കൗഷിക്, ക്രിസ്റ്റകല, നിഖിൽ പ്രഭ, മഹാദേവൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന സ്റ്റാർ ബീറ്റ്സ് സംഗീത നിശ അരങ്ങിലെത്തും. മീഡിയവൺ ഒരുക്കുന്ന വാർത്താ അവതരണ മത്സരമായ യൂ ആർ ഓൺ എയറും കമോൺ കേരള വേദിയിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *