ഗ്ലോബൽ വില്ലേജിലൂടെ പറന്ന് കാഴ്ചകൾ കാണാൻ കൂറ്റൻ ബലൂണൊരുങ്ങുന്നു. 200 മീറ്റർ ഉയരെ പറക്കുന്ന ഹീലിയം ബലൂണിലിരുന്ന് 360 ഡിഗ്രി കാഴ്ചയിൽ ദുബൈ നഗരത്തിൻറെ മനോഹാരിത ആസ്വദിക്കാൻ കഴിയും. ഒക്ടോബർ 25ന് ഗ്ലോബൽ വില്ലേജിൻറെ 27ാം സീസൺ തുടങ്ങുന്നതു മുതൽ ബലൂണും പറന്നുതുടങ്ങും.
ബലൂണിൻറെ താഴെ ഘടിപ്പിക്കുന്ന സീറ്റുകളായിരിക്കും സന്ദർശകരുടെ ഇരിപ്പിടം. 65 അടി വ്യാസമുള്ള ബലൂണിൽ ഒരേസമയം 20 പേർക്ക് വരെ കയറാൻ കഴിയും. ആറുനില കെട്ടിടത്തിൻറെ ഉയരമുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. കിലോമീറ്ററുകൾ അകലെനിന്നുപോലും ബലൂൺ കാണാൻ സാധിക്കും. ഗ്ലോബൽ വില്ലേജിലെ ഏറ്റവും പുതിയ ആകർഷണമായിരിക്കും ഈ ബലൂൺ.
നേരത്തേ, വില്ലേജിൽ ഹാപ്പിനസ് ഗേറ്റ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വില്ലേജിലേക്ക് അധികം നടക്കാതെ എളുപ്പത്തിൽ കയറാൻ കഴിയുന്ന ഗേറ്റാണിത്. 18 ദിർഹമാണ് പുതിയ സീസണിലെ ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവുണ്ടാകും.