ഗതാഗത പിഴകൾ തവണകളായി അടയ്ക്കാം, ബാങ്കുകളുമായി ചേർന്ന് ഈസി പേയ്‌മെന്റ് സംവിധാനവുമായി അബുദാബി

ദർബ് ടോൾ ഗേറ്റ് പിഴ, പാർക്കിങ് നിയമലംഘനത്തിനുള്ള പിഴ എന്നിവ തവണകളായി അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. തലസ്ഥാനത്തെ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുതിയ സംവിധാനം ‘ഈസി പേയ്‌മെന്റ്’ എന്ന പേരിലാണ് അറിയപ്പെടുക. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവ വഴിയെല്ലാം പണമടയ്ക്കാനാകും. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് വഴിയും പിഴയടയ്ക്കാം. മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ഈ വർഷം പകുതിയോടെ പിഴയടയ്ക്കാനുള്ള സൗകര്യം ലഭിക്കും.

3000 ദിർഹമിൽ കുറയാത്ത തുകയാണ് തവണകളായി അടയ്ക്കാവുന്നത്. അബുദാബിയുടെ സേവന കേന്ദ്രമായ ‘തം’, തലസ്ഥാന നഗരസഭയുടെ ആസ്ഥാന ഹാപ്പിനസ് കേന്ദ്രം, അൽഐൻ സിറ്റിയിലെ പ്രധാന നഗരസഭാ കാര്യാലയം എന്നിവിടങ്ങളിലും കുടിശിക പിഴ അടയ്ക്കാം. 3, 6, 9, 12 എന്നിങ്ങനെ മാസത്തവണകളായി പിഴ നൽകാം.

അംഗത്വത്തിന് നിരക്ക് 100

ഒരു വാഹനത്തിന് 100 ദിർഹമാണ് ദർബിൽ അംഗമാകാനുള്ള നിരക്ക്. ഇതിൽ 50 ദിർഹം ടോൾ നൽകാൻ ഉപയോഗിക്കാം. ഒറ്റത്തവണ യാത്രയ്ക്ക് 4 ദിർഹമാണ് നൽകേണ്ടത്. വ്യക്തിഗത വാഹനങ്ങൾ എത്ര തവണ ടോൾ കടന്നാലും പരമാവധി 16 ദിർഹം മതി. ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിൽ ആദ്യ വാഹനത്തിന് പ്രതിമാസ ടോൾ 200 ദിർഹവും മറ്റു വാഹനങ്ങൾക്ക് 150, 100 ദിർഹമുമാണ് ദർബ് നിരക്ക്. ഇതു വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് മാത്രമാണ് ബാധകം. കമ്പനികളുടെ വാഹനങ്ങൾക്ക് ബാധകമല്ല.

ദർബിൽ പണമില്ലെങ്കിൽ പിഴ

ആദ്യഘട്ടത്തിൽ 100, പിന്നെ 200 മൂന്നും മൂന്നിലധികവുമായാൽ 400 ദിർഹം എന്നിങ്ങനെയാണ് പിഴ. ദർബിൽ റജിസ്റ്റർ ചെയ്യാൻ 10 ദിവസം നൽകിയ ശേഷമാണ് പിഴ ഈടാക്കുക. മതിയായ തുക അക്കൗണ്ടിൽ ഇല്ലാതെ നിശ്ചിത പാലങ്ങൾ കടന്നാൽ 50 ദിർഹമാണ് പിഴ. പണം അക്കൗണ്ടിലിടാൻ 5 ദിവസത്തെ സാവകാശം ലഭിക്കും. ടോൾ മറികടക്കാൻ വാഹന നമ്പർ പ്ലേറ്റിൽ തിരിമറിയോ കൃത്രിമമോ നടത്തിയാൽ പിഴ 10,000 ദിർഹമായിരിക്കും.

ഇടപാടുകൾക്കും ദർബ് വേണം

വ്യക്തിഗത വാഹന ഇടപാടുകൾ പൂർത്തിയാക്കണമെങ്കിലും ഉടമകൾക്ക് ദർബ് അക്കൗണ്ട് നിർബന്ധമാണ്. വാഹന ലൈസൻസ് മാറ്റൽ, ലൈസൻസ് പുതുക്കൽ എന്നിവയ്ക്കും ദർബ് അക്കൗണ്ട് നിർബന്ധം. ഇതര എമിറേറ്റിലുള്ള വാഹനങ്ങൾക്ക് ദർബ് പിഴയുണ്ടെങ്കിൽ അത് അടച്ച ശേഷമേ വാഹന ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കൂ. സഹായത്തിനും സംശയ നിവാരണത്തിനും വിളിക്കാം: 80088888.

അബൂദാബിയിൽ ദർബ് വേണം

അബുദാബി നിവാസികളും അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന മറ്റ് എമിറേറ്റുകാരും നിർബന്ധമായി ദർബ് അക്കൗണ്ട് എടുക്കണം. http://darb.itc.gov.ae എന്ന വെബ്‌സൈറ്റ് വഴിയും ‘ദർബ്’ മൊബൈൽ ആപ്പിലൂടെയും അക്കൗണ്ട് എടുക്കാം. പഴയ ട്രാഫിക് ഇ-അക്കൗണ്ട് ഉള്ളവരും നിശ്ചിത വെബ്‌സൈറ്റിലൂടെ ദർബ് തിരഞ്ഞെടുത്ത് അക്കൗണ്ട് പുതുക്കണം. 2021 ജനുവരി രണ്ടിനു ടോൾ ഗേറ്റ് പ്രവർത്തനക്ഷമമായെങ്കിലും ജുലായ് മുതലാണ് തലസ്ഥാന പൊലീസുമായി സഹകരിച്ച് ടോൾ നിരക്ക് ഈടാക്കാൻ തുടങ്ങിയത്. ദർബ് അക്കൗണ്ട് ഇല്ലെങ്കിൽ ടോൾ ഗേറ്റ് കടന്നതിന്റെ തുക പിഴയായി കിടക്കും.

Leave a Reply

Your email address will not be published. Required fields are marked *