യു.എ.ഇയുടെ ക്ലൗഡ് സീഡിങ് പദ്ധതികള്‍ ഓരോ വര്‍ഷവും ഏകദേശം 168-838 ദശലക്ഷം ക്യുബിക് മീറ്റര്‍ മഴ അധികമായി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ. നേച്ചര്‍ റിസര്‍ച് ജേണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.യു.എ.ഇ റിസര്‍ച് പ്രോഗ്രാം ഫോര്‍ റെയിൻ എൻഹാൻസ്‌മെന്റ് സയൻസിന്റെ (യു.എ.ഇ.ആര്‍.ഇ.പി) മേല്‍നോട്ടത്തിലുള്ള ക്ലൗഡ് സീഡിങ് വഴി ഉപയോഗിക്കാവുന്ന 84-419 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ലഭിക്കുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. യു.എ.ഇയില്‍ പ്രതിവര്‍ഷം ഏകദേശം 6.7 ശതകോടി ക്യുബിക് മീറ്റര്‍ മഴയാണ് ആകെ ലഭിക്കുന്നത്.
യു.എ.ഇ.ആര്‍.ഇ.പി കൈവരിച്ച ശ്രദ്ധേയമായ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതികള്‍ ആഗോളതലത്തില്‍ അംഗീകാരം നേടുന്നത് തുടരുകയാണെന്ന് സംവിധാനത്തിന്‍റെ ഡയറക്ടര്‍ ആലിയ അല്‍ മസ്‌റൂയി പറഞ്ഞു. ജലദൗര്‍ലഭ്യം നേരിടുന്ന രാജ്യങ്ങളില്‍ യു.എ.ഇയുടെ പദ്ധതിക്ക് സമാനമായ ഇടപെടലുകള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്ലൗഡ് സീഡിങ്ങിന് ഓരോ ഫ്ലൈറ്റ് മണിക്കൂറിനും ഏകദേശം 29,൦൦൦ ദിര്‍ഹം ചെലവ് വരുന്നുണ്ട്.
ഓരോ വര്‍ഷവും ശരാശരി 900 മണിക്കൂറിലധികം ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് രാജ്യം നിലവില്‍ നടത്തിവരുന്നത്. ഇതിനായി സര്‍ക്കാര്‍ ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഗണ്യമായ നിക്ഷേപവും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന് കീഴില്‍ യു.എ.ഇ പ്രസിഡൻഷ്യല്‍ കാര്യ മന്ത്രാലയം മഴ മെച്ചപ്പെടുത്തുന്നതിന് ഗവേഷണ പദ്ധതി നടത്തുന്നുണ്ട്. ഇത് ആഗോള തലത്തില്‍ തന്നെ അംഗീകാരം നേടിയ മഴയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന ഗവേഷണ സംരംഭമാണ്. അതോടൊപ്പം ക്ലൗഡ് സീഡിങ് മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായും വിദഗ്ധരുമായും പങ്കാളിത്ത സംരംഭങ്ങളും രാജ്യം വികസിപ്പിച്ചിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷകരും നാഷനല്‍ സെന്റര്‍ ഓഫ് മീറ്റിയറോളജിയിലെ വിദഗ്ധരും ചേര്‍ന്ന് വളരെ സൂക്ഷ്മമായാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. കാലാവസ്ഥ വിശകലനം, ആസൂത്രണം, നിര്‍വഹണം, നിരീക്ഷണം എന്നിവയുള്‍പ്പെടെ വിവിധ ഘട്ടങ്ങളായാണ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.