കോക്പിറ്റിലേക്ക് കയറാൻ ശ്രമം, നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി

ദുബായ് : വിമാനത്തിന്റെ കോക്പിറ്റിലേക്ക്  കയറാൻ ശ്രമിച്ചതിനെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി. ദുബായിൽ നിന്നും തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ കഴിഞ്ഞ് വരവെയാണ് സംഭവമുണ്ടായത്. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യാ ഡ്രീംലൈനർ വിമാന അധികൃതരാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. കൂടെയുണ്ടായിരുന്ന സഹതാരങ്ങൾ അടക്കമുള്ള മറ്റു സിനിമാ പ്രവർത്തകർ ഇതേ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിഎന്നാണ് റിപ്പോർട്ട്.

നടൻ ഷൈൻ ടോം ചാക്കോയുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നു അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സഹതാരം എം. എ. നിഷാദ് പറഞ്ഞു . ഇതുവരെ ഷൈനിന് വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാനായിട്ടില്ല. അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും സഹതാരം പറയുന്നു. ഏതാനും മാസം മുൻപും ഷൈൻ ടോം ദുബായ് വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കിയിരുന്നു. എയർ ഇന്ത്യ ഉദ്യോഗസ്ഥരുമായാണ് അന്ന് വിമാനത്തിനു പുറത്ത് പ്രശ്നമുണ്ടായത്. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിലാണ് ഷൈൻ ഇപ്പോൾ പ്രശ്നമുണ്ടാക്കിയത്.

ഇന്നലെ റിലീസായ ഭാരത സർക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ നടൻ മറ്റു താരങ്ങളോടൊപ്പം ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം.നടന്റെ പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *