കുവൈത്തിൽ നിന്നും കുഞ്ഞ് ബദർ ദുബായിലെത്തി; ചേർത്തു പിടിച്ച് ഷെയ്ഖ് മുഹമ്മദ്

ബുർജ് ഖലീഫയും ദുബായിയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ കുവൈത്തി ബാലൻ ബദറിനെ ഓർമ്മയില്ലേ? കഴിഞ്ഞ ജൂലൈയിലാണ് കുവൈത്തിലെ ചാനൽ റിപ്പോർട്ടറോട് തനിക്ക് ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് കുട്ടി ബദർ ആഗ്രഹം പ്രകടിപ്പിച്ചത്. ഇത് കണ്ട് കുടുംബത്തോടൊപ്പം ബുർജ് ഖലീഫ മാത്രമല്ല, ദുബായിലെ എല്ലാ മനോഹരമായ സ്ഥലങ്ങളും ആസ്വദിക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബദറിനെ ദുബായിലേക്ക് ക്ഷണിച്ചു. ഈ വാക്കാണ് കഴിഞ്ഞദിവസം പാലിക്കപ്പെട്ടത്. കുടുംബത്തോടൊപ്പം എമിറേറ്റിലെത്തിയ ബദറിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. ബദറിനെയും സഹോദരനെയും ചേർത്തുപിടിച്ച് വിശേഷങ്ങൾ ചോദിക്കുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഊഷ്മളമായ സ്വീകരണമാണ് ബാലനും കുടുംബത്തിനുമായി അധികൃതർ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *