കാൽനടയാത്രക്കാർക്ക് നടത്തം സുരക്ഷിതമാക്കാൻ 8 നടപ്പാലങ്ങൾ തയ്യാറായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു . നജ്മ, അൽ ഖലീജ്, അൽ ഇസ്തിഖ്‌ലാൽ, അൽ ഫുറൗസിയ, ഒനൈസ, ദോഹ എക്‌സ്പ്രസ് വേ, അൽ വുഖൈർ റോഡ്, സി-റിങ് റോഡ് എന്നിവിടങ്ങളിലായി 8 കാൽനട പാലങ്ങളുടെ നിർമാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഏറ്റവും തിരക്കേറിയ ഇടങ്ങളിലാണ് പാലങ്ങളുടെ ആവശ്യകതയെന്നു മനസിലാക്കി കാൽനടയാത്രക്കാർക്ക് വാഹനാപകടം കൂടുതൽ സംഭവിക്കുന്ന ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തി അവിടങ്ങളിലാണ് നടപ്പാലങ്ങൾ നിർമിച്ചത്. ലോകകപ്പ് കളിക്കാർക്കുള്ള പരിശീലന സ്റ്റേഡിയങ്ങളായി ഉപയോഗിക്കുന്ന ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിലെ സുഹെയിം ബിൻ ഹമദ് സ്‌റ്റേഡിയം, അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയം, അൽ അഹ്‌ലി സ്‌പോർട്‌സ് ക്ലബ്ബിലെ ഹമദ് ബിൻ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് കാൽനടയാത്ര നടപ്പാലങ്ങൾ എളുപ്പമാക്കും.
അൽ ഫുറൗസിയയിലെ കാൽനടപ്പാലം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികൾക്ക് ഗുണകരമാണ്. കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് പര്യാപ്തമായ തരത്തിലാണ് ഈ നടപ്പാലത്തിന്റെ നിർമാണം. വിവിധ സ്ട്രീറ്റുകളിലേക്കുള്ള യാത്രയും എളുപ്പമാകും. ഇൻഡസ്ട്രിയൽ ഏരിയ, അൽ മർഖിയ, അൽ സദ്ദ്, അൽ ഷമാൽ റോഡ്, അൽ മുംതസ സ്ട്രീറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും നടപ്പാലങ്ങളുടെ നിർമാണം പുരോഗതിയിലാണ്.