കഴിഞ്ഞ വർഷം 1.2 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചു

2023-ൽ 1.2 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ലൂവർ അബുദാബി മ്യൂസിയത്തിൽ വെച്ച് നടന്ന പ്രധാനപ്പെട്ട പ്രദർശനങ്ങൾ, ലൂവർ അബുദാബി നടത്തുന്ന പഠനപരിപാടികൾ, കുട്ടികളുടെ മ്യൂസിയത്തിൽ അനുഭവപ്പെടുന്ന തിരക്ക് എന്നിവയെല്ലാം സന്ദർശകരുടെ എണ്ണം ഉയരുന്നതിന് കാരണമായതായി അധികൃതർ വ്യക്തമാക്കി.

ഇതിൽ 72 ശതമാനം സന്ദർശകരും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.റഷ്യ, ഇന്ത്യ, ഫ്രാൻസ്, യു എസ് എ, ചൈന, ജർമ്മനി, ഇറ്റലി, കസാഖിസ്ഥാൻ, യു കെ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരാണ് ഇതിൽ ഏറ്റവും കൂടുതൽ. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയിൽ ലൂവർ അബുദാബിയുടെ സ്ഥാനം രേഖപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.ഇതോടൊപ്പം 2024 മാർച്ച് 19-ന് മറ്റൊരു സുപ്രധാന നേട്ടത്തിനും മ്യൂസിയം സാക്ഷ്യം വഹിച്ചു. മ്യൂസിയം ആരംഭിച്ച ശേഷം ആകെ അഞ്ച് ദശലക്ഷം സന്ദർശകർ എന്ന നേട്ടമാണ് ഏതാനം ദിവസങ്ങൾക്ക് മുൻപ് ലൂവർ അബുദാബി കൈവരിച്ചത്.

2017-ലാണ് ലൂവർ അബുദാബി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള കലാരചനകൾ, പ്രത്യേക എക്സിബിഷനുകൾ എന്നിവ കാണുന്നതിനും, മ്യൂസിയത്തിന്റെ അതിഗംഭീരമായ രൂപഭംഗി ആസ്വദിക്കുന്നതിനും എത്തുന്ന വ്യക്തികളുടെയും, കുടുംബങ്ങളുടെയും എണ്ണം ഓരോ വർഷവും കൂടി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *