ഓഫ് സീസൺ ആരംഭിച്ചു ; യു എ ഇ യിൽ നിന്നും നാട്ടിലേക്ക് ഇനി വെറും 6500 രൂപയ്ക്ക് യാത്ര ചെയ്യാം

ഓഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞ് 6500 രൂപയായി (300 ദിർഹം). ബാഗേജ് ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാണ് ഓഫ് പീക് സമയങ്ങളിൽ എയർലൈനുകൾ യാത്രക്കാരെ ആകർഷിക്കുന്നത്.

അതേസമയം ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ നാലിരട്ടിയിലേറെ പണം നൽകണം. കൊച്ചി– ദുബായ് വൺവേ നിരക്ക് 25,000 രൂപയ്ക്കു മുകളിലാണ്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് അൽപംകൂടി വർധിക്കും.

മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2000–3000 ദിർഹം (43,000–64,000 രൂപ) ഈടാക്കിയിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോൾ 300 ദിർഹമായി കുറഞ്ഞത്. നവംബർ അവസാനം വരെ ഓഫ് സീസണായതിനാൽ നാട്ടിലേക്ക് ഏതാണ്ട് ഇതേ നിരക്കു തുടരും.

ഡിസംബറിൽ ഗൾഫിലെ സ്കൂളുകൾക്ക് 3 ആഴ്ചത്തെ ശൈത്യകാല അവധിയുണ്ട്. കൂടാതെ ക്രിസ്മസ്, പുതുവർഷ അവധികളും ചേർത്ത് നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടും. ഇതു മുന്നിൽകണ്ട് ആ സമയത്തെ ടിക്കറ്റ് നിരക്ക് ഉയരും.

ഇന്ത്യയിലെ വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് അതത് മേഖലകളിലേക്കുള്ള നിരക്ക് എയർലൈനുകൾ വർധിപ്പിക്കുന്നതും പതിവാണ്. യാത്രക്കാർ കുറഞ്ഞ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഫെബ്രുവരി മാസങ്ങളാണ് ഓഫ് സീസൺ. ഏറ്റവും കുറഞ്ഞ നിരക്ക് ഈ സമയത്താണെങ്കിലും ഗൾഫിലും നാട്ടിലും സ്കൂളുകൾക്കു അവധിയല്ലാത്തതിനാൽ പ്രവാസി കുടുംബങ്ങൾക്കു ഇതുകൊണ്ട് ഗുണമില്ല.

Leave a Reply

Your email address will not be published. Required fields are marked *