ഒക്ടോബർ ഒന്നിന് എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കും; ഭൂരിഭാഗം പവലിയനുകളിലേക്കും പ്രവേശനം സൗജന്യം

ഒക്ടോബർ ഒന്നിന് എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കുമ്പോൾ ബാക്കിയായ ഭൂരിഭാഗം പവലിയനുകളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എക്‌സപോ സമയത്ത് പണം മുടക്കി സന്ദർശിക്കേണ്ടിവന്ന പല ഇടങ്ങളിലേക്കും എൻട്രി ടിക്കറ്റുകളില്ലാതെ തന്നെ പ്രവേശിക്കാം.

അലിഫ്-ദി മൊബിലിറ്റി പവലിയൻ, ടെറ-ദ സസ്‌റ്റൈനബിലിറ്റി പവലിയൻ എന്നിവ സെപ്തംബർ ഒന്നു മുതൽ തന്നെ സന്ദർശകരെ സ്വീകരിച്ച് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഈ പവലിയനുകളിലേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 50 ദിർഹം ടിക്കറ്റ് നിരക്ക് ഈടാക്കും. ഗാർഡൻ ഇൻ ദി സ്‌കൈയിലെ കറങ്ങുന്ന നിരീക്ഷണ ഡെക്കിൽ പ്രവേശിക്കാൻ 30 ദിർഹമായിരിക്കും നിരക്ക്.

എങ്കിലും എക്സ്പോ നഗരിയിലെ മറ്റു നിരവധി സൗകര്യങ്ങളും പാർക്കുകളുമെല്ലാം ഇനിയങ്ങോട്ട് സൗജന്യമായി തന്നെ ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇസ്‌കൂട്ടറുകൾ പോലെയുള്ള പണമടക്കൽ നിർബന്ധമായ ചില സൗകര്യങ്ങൾ തുടർന്നും സൗജന്യമായിരിക്കില്ല.

ഭാവിയിലെ സാങ്കേതിക സൗകര്യങ്ങളുള്ള നഗരമായി എക്‌സ്‌പോ സൈറ്റ് വീണ്ടും തുറക്കുമെന്ന് ജൂണിൽ ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്. അൽ വാസൽ പ്ലാസ, സറിയൽ വാട്ടർ ഫീച്ചർ എന്നിവ ഒക്ടോബറിൽ തുറക്കും. ഓപ്പർച്യുണിറ്റി പവലിയൻ ഈ വർഷാവസാനം, എക്സ്പോ 2020 ദുബായ് മ്യൂസിയമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *