ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സ് അസോസിയേഷന്‍റെ (ഐ.എഫ്.എ.ടി.സി.എ 2025) 64ാമത് വാര്‍ഷിക സമ്മേളനം അബൂദബിയില്‍. ഇതുസംബന്ധിച്ച കരാറില്‍ അബൂദബി മൊബിലിറ്റിയും എമിറേറ്റ്‌സ് ഏവിയേഷന്‍ അസോസിയേഷനും ഒപ്പുവച്ചു.
ഏപ്രില്‍ 28 മുതല്‍ മെയ് രണ്ടു വരെയാണ് സമ്മേളനം. ഏവിയേഷന്‍ രംഗത്തെ അന്താരാഷ്ട്ര സംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും മുന്‍ നിര ഏവിയേഷന്‍ കമ്പനികളും സമ്മേളനത്തിന്‍റെ ഭാഗമാവും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രംഗത്തെ പുതിയ വികസനങ്ങള്‍ അടക്കമുള്ളവ ഈ രംഗത്തെ വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്ന വേദികൂടിയായി ഇതു മാറും. പാനല്‍ ചര്‍ച്ചകള്‍, ശില്‍പ്പശാലകള്‍, അവതരണങ്ങള്‍ തുടങ്ങി വ്യോമയാന രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. വ്യോമയാന രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന യു.എ.ഇയുടെ ഈ പദവി ഊട്ടിയുറപ്പിക്കാനുള്ള തങ്ങളുടെ നീക്കങ്ങളില്‍ ഒരു നാഴികകല്ലായി സമ്മേളനം മാറുമെന്ന് അബൂദബി നഗര, ഗതാഗത വകുപ്പ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ. സെയ്ഫ് സുല്‍ത്താന്‍ അല്‍ നസ്രി പറഞ്ഞു. ആഗോളതലത്തില്‍ 130ലേറെ പ്രഫഷണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐ.എഫ്.എ.ടി.സി.എ. അമ്പതിനായിരത്തിലേറെ കണ്‍ട്രോളര്‍മാര്‍ക്ക് ഐ.എഫ്.എ.ടി.സി.എയില്‍ അംഗത്വമുണ്ട്.
സംഘടനയ്ക്കു കീഴിലുള്ള വിവിധ അസോസിയേഷനുകളെ ഏകിപിപ്പിക്കുകയും ദേശീയവും അന്തര്‍ദേശിയവുമായ വ്യോമയാന അധികൃതരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയുമാണ് ഐ.എഫ്.എ.ടി.സി.എയുടെ ലക്ഷ്യം.