വിമാന കമ്പനികൾ ടിക്കറ്റുകൾക്ക് കത്തുന്ന വിലയിട്ടിരിക്കുന്ന സാഹചര്യത്തിലും കേരളത്തിൽനിന്ന് ഐഫോൺ 14 പ്രോ മാക്സ് വാങ്ങാൻ മാത്രമായി ദുബായിൽ എത്തിയ തൃശ്ശൂർ സ്വദേശി ധീരജ് പള്ളിയിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.ടിക്കറ്റിനും വിസയ്ക്കുമായി 40,000 രൂപയാണ് ധീരജിന് ചിലവായത്.
പുതുതായ് ഇറങ്ങുന്ന എല്ലാ ഐഫോണുകളും സ്വന്തമാക്കുന്നതാണ് ചില ആളുകളുടെ ഹോബി എങ്കിൽ ഐഫോൺ ആദ്യം സ്വന്തമാക്കുന്നതിലാണ് ധീരജിന് ഹരം. കേരളത്തേക്കാൾ മുൻപ് ദുബായിൽ ഐഫോണുകൾ ഇറങ്ങുന്നത് കൊണ്ട്, ഐഫോണുകൾ ഇറങ്ങുമ്പോൾ ഇത് സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയാകുവാൻ ബിസിനസുകാരനും, ഫോട്ടോഗ്രാഫറുമായ ധീരജ് രണ്ടുമൂന്നു വർഷമായി മുടങ്ങാതെ ദുബായിലെത്തുന്നു.
ദുബായിലെ മിർദിഫ് സെന്ററിൽ 16നു രാവിലെ ഏഴിനെത്തി ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കുകയായിരുന്നു. 2017ലാണ് ആദ്യമായി ഫോൺ വാങ്ങാനെത്തിയത്. 2019, 2021ലും ആ യാത്ര തുടർന്നു. കോവിഡ് നിയന്ത്രണങ്ങൾക്കു നടുവിലും ഇതിനു മുടക്കം വരുത്തിയില്ല.
പുതുതായി ഇറക്കുന്ന ഫോണിലെ പരിഷ്ക്കാരങ്ങളാണു 28കാരനെ ആകർഷിക്കുന്നത്. മുൻകാലങ്ങളിൽ വിദേശത്ത് ഇറങ്ങി 2 ആഴ്ചയ്ക്കുശേഷമാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത് എന്നതും യുഎഇയിലെത്തി ഫോൺ വാങ്ങാൻ കാരണമായി.