ഇരുളിൽ നിന്നും ഇനി വെളിച്ചത്തിലേക്ക് ; യു എ ഇ യിൽ ആദ്യത്തെ നേത്ര ടിഷ്യു ബാങ്ക് ഒരുങ്ങുന്നു

അബുദാബി : കണ്ണു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സമഗ്ര നേത്ര ചികിത്സ നൽകാൻ കഴിയുന്ന ആദ്യത്തെ നേത്ര, ടിഷ്യൂ ബാങ്ക് യുഎഇയിൽ ഒരുങ്ങുന്നു . യുഎസ് ആസ്ഥാനമായുള്ള എവർസൈറ്റുമായി ചേർന്നാണ് യു എ ഇ നേത്ര, ടിഷ്യൂ ബാങ്ക് സ്ഥാപിക്കുന്നത്. അബുദാബി ആരോഗ്യവിഭാഗം എവർ സൈറ്റുമായി ധാരണാപത്രം ഒപ്പുവച്ചു.ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തി എല്ലാവിഭാഗം രോഗങ്ങൾക്കും സമഗ്ര ചികിത്സ രാജ്യത്തു ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ഇരു സ്ഥാപനങ്ങളുമായി സഹകരിച്ച് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കണ്ണ്, കോർണിയ, ടിഷ്യു തുടങ്ങിയവ ലഭ്യമാക്കാൻ നേത്ര ബാങ്ക് പ്രവർത്തിക്കും. യുഎഇയുടെ ദേശീയ അവയവ ദാന പദ്ധതിയിലേക്ക് നേത്ര, ടിഷ്യൂ ബാങ്കിനെ കൂടി ഉൾപ്പെടുത്തുമെന്നു അൽകാബി പറഞ്ഞു.രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് സമഗ്ര മെഡിക്കൽ ചട്ടക്കൂട് എവർസൈറ്റ് വികസിപ്പിക്കും. യുഎഇയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമായാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല.

ഇതുവഴി വിലപ്പെട്ട സമയവും ധനവും ലാഭിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണത്തിൽ അബുദാബിയുടെ സ്ഥാനം ഉയർത്തുന്നതിനും പദ്ധതി സഹായകമാകും.മരണശേഷം അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുനൽകണമെന്നു അൽകാബി ജനങ്ങളോട് ആവശ്യപ്പെട്ടു.ഇരുൾമൂടിയവർക്ക് പ്രകാശം നിറഞ്ഞ ജീവിതം സമ്മാനിക്കുന്നതോടൊപ്പം അന്ധതയില്ലാത്ത ലോകമാണ് ലക്ഷ്യമെന്ന് എവർസൈറ്റ് ഗ്ലോബൽഡവലപ്‌മെന്റ് ഡയറക്ടർ എറിക് ഹെല്ലിയർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *