ഇരുപത്തൊന്നാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപത്തൊന്നാമത് പതിപ്പിന് 2024 ഫെബ്രുവരി 22-ന് തുടക്കമായി.ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി മേളയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നിരവധി കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

‘കണക്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സംഘടിപ്പിക്കുന്നത്. ഇരുപത്തൊന്നാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് 2024 ഫെബ്രുവരി 22 മുതൽ മാർച്ച് 3 വരെ നീണ്ട് നിൽക്കും.ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഷാർജയിലെ ഹെറിറ്റേജ് സ്‌ക്വയർ ഏരിയയിലാണ് ഈ മേള ഒരുക്കിയിരിക്കുന്നത്. അറബ് രാജ്യങ്ങൾ ഉൾപ്പടെ 13 വിദേശരാജ്യങ്ങളും, സർക്കാർ വകുപ്പുകളും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. സന്ദർശകർക്കായി ഈ മേളയിൽ വിവിധ സാംസ്‌കാരിക, പൈതൃക കാഴ്ച്ചകളും, കലാ, വിനോദ, സംഗീത പരിപാടികളും, പരിശീലനകളരികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഭാഗമായി ഷാർജ മ്യൂസിയംസ് അതോറിറ്റി സൗജന്യ മ്യൂസിയം സന്ദർശനം പ്രഖ്യാപിച്ചിട്ടുണ്ട്.ഈ മേളയുടെ കാലയളവിൽ ഷാർജ ഫോർട്ട് (അൽ ഹിൻ), ഷാർജ കാലിഗ്രാഫി മ്യൂസിയം, ബൈത്ത് അൽ നബൂദ, ഹിസ്ൻ ഖോർഫക്കൻ എന്നിവയുൾപ്പെടെ ഷാർജയുടെ ഹൃദയഭാഗത്തുള്ള മ്യൂസിയങ്ങളിലേക്ക് അതോറിറ്റി സൗജന്യ പ്രവേശനം അനുവദിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *