ഇനി ദുബായിൽ ആഘോഷരാവുകൾ ; എസ്‌പോസിറ്റി നാളെ മുതൽ

ദുബായ് : ലോകം മുഴുവൻ ഉറ്റുനോക്കുന്ന ദുബായ് എക്സ്പോ നാളെ മുതൽ തുറക്കുന്നു. ദുബായുടെ അതിശയിപ്പിക്കുന്ന കാഴ്ചകളെ തേടി ലോകത്തിന്റെ നാനാനഭാഗത്തുനിന്നുമുള്ള ജനതകൾ എത്താറുണ്ട്. ആദ്യ രണ്ടു പവലിയനുകൾ തുറന്നുകൊണ്ട് എക്സ്പോ ഭാഗികമായി ആരംഭിച്ചിരുന്നു. ലോകത്തെ അതിശയിപ്പിച്ച കാഴ്ചകൾ, വാസ്തുവിദ്യകൾ എല്ലാം 6 മാസം നീണ്ട എക്സ്പോയിൽ കാണാം. എക്സ്പോയുടെ 80 ശതമാനവും അതുപോലെ നിലനിർത്തിയാണ് എക്സ്പോ സിറ്റി ഒരുക്കിയത്. ഇതിലേക്ക് കൂടുതൽ കാഴ്ചകളും സംരംഭകരും എത്തുമെന്ന് അധികൃതർ പറഞ്ഞു.

ഈ മാസം ആദ്യം തുറന്ന ടെറയിലും ആലിഫിലും സന്ദർശകർ ഇടമുറിയാതെ എത്തുന്നു. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ് ടെറ മുന്നോട്ടുവയ്ക്കുന്ന ആശയം. ഭൂമിയിലെ ഓരോ സൂക്ഷ്മാണുവും മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന് എത്ര വിലപ്പെട്ടതാണെന്ന് ടെറ ഓർമിപ്പിക്കുന്നു.

കാട്ടിലും കടലിലുമുള്ള സകല ജീവജാലങ്ങളുടെയും പ്രാധാന്യം ഇവിടെ നേരിട്ടറിയാം. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന വിപത്തിനെതിരായ ബോധവൽക്കരണവും നിശ്ചല ദൃശ്യമായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. യുഎഇയുടെ ചരിത്രത്തിലൂടെ ഭാവിയിലേക്കുള്ള യാത്രയാണ് അലിഫ്. അലിഫിലേയ്ക്കുള്ള ലിഫ്റ്റിൽ തുടങ്ങുന്നു അതിന്റെ വിസ്മയം. വിസ്താരമേറിയ ലിഫ്റ്റിൽ ഇരുട്ടിലൂടെയുള്ള യാത്ര ചരിത്രത്തിലേക്കുള്ള യാത്രയാണ്. അറബ് നാടിന്റെ പൗരാണികതയിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഭൂമികയിലേക്കുള്ള കൂടുമാറ്റം അലിഫിലെ ചുവരുകളിൽ തെളിയും.

ചാന്ദ്രദൗത്യവും ചൊവ്വ പര്യവേക്ഷണവും ഉൾപ്പെടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തറയിൽ കാലുറപ്പിച്ചു തന്നെയാണ് യുഎഇ മുന്നോട്ടു കുതിക്കുന്നതെന്നുള്ള കാഴ്ചകൾ ആയിരിക്കും അലിഫിൽ ഉണ്ടായിരിക്കുക. സർറിയൽ വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ, സ്ത്രീകളുടെ പവിലിയൻ, വിഷൻ പവിലിയൻ, കുട്ടികളുടെ പവിലിയൻ തുടങ്ങിയവയും വൈകാതെ തുറക്കും. ഓപ്പർച്യൂണിറ്റി പവിലിയൻ എക്സ്പോ മ്യൂസിയമായി മാറ്റി. ഇതോടൊപ്പം സൗദി, മൊറോക്കോ, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകളും നിലനിർത്തുമെന്നാണ് സൂചന.ലോകോത്തര എക്‌സിബിഷൻ സെന്റർ, വിശ്രമവേളകൾക്കുള്ള സൗകര്യങ്ങൾ, ഭക്ഷണ, വിനോദ വേദികൾ, കായിക സൗകര്യങ്ങൾ, മോൾ എന്നിവയെല്ലാം എക്സ്പോ സിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഓഫിസ് സ്പേസും എക്സ്പോ സിറ്റി നൽകുന്നു. ദുബായ് മെട്രോയിലൂടെ എത്തിച്ചേരാവുന്ന എക്സ്പോ സിറ്റിയെ തുറമുഖവുമായും രണ്ടു വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കും.

ദുബായുടെ അഭിലാഷങ്ങളുടെ പ്രതീകമാണ് എക്സ്പോ സിറ്റിയെന്നു ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. എക്സ്പോ സിറ്റിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ, പവിലിയൻ സന്ദർശനത്തിന് 50 ദിർഹം വീതമാണ് ടിക്കറ്റ് നിരക്ക്. എക്സ്പോ സിറ്റി വെബ്സൈറ്റിലൂടെയും 4 ബോക്സ് ഓഫിസുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.

സ്കൈ ഗാ‍ർഡൻ സിറ്റിയിലേക്ക് 30 ദിർഹമാണ് നിരക്ക്. 55 മീറ്റർ ഉയരത്തിൽ 360 ഡിഗ്രിയിൽ എക്സ്പോ സിറ്റി കാഴ്ചകൾ ആസ്വദിക്കാം. 12 വയസ്സിന് താഴെയുളള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. എന്നാൽ, ടിക്കറ്റ് കൗണ്ടറിൽ നിന്ന് കോംപ്ലിമെന്ററി പാസ് വാങ്ങണം. വിവിധ പവിലിയനുകൾക്കായി 120 ദിർഹത്തിന്റെ പാസും ഏർപ്പെടുത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *