ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ ആറ് മുതൽ 17 വരെ ; ഇന്ത്യയിൽ നിന്ന് 52 പ്രസാധകർ പങ്കെടുക്കും

ലോകത്തിന് അക്ഷരവെളിച്ചം പകരാൻ 43–മത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ് ഐബിഎഫ്) നവംബർ 6 മുതൽ 17 വരെ എക്സ്പോ സെൻ്ററിൽ നടക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി(എസ് ബിഎ) അറിയിച്ചു. ‘പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകരാണ് പങ്കെടുക്കുക. ഇതിൽ ഭൂരിഭാഗവും മലയാളം പ്രസാധകരാണ്. ഹിന്ദി, തമിഴ്, കന്നഡ, ഉറുദു തുടങ്ങിയവരാണ് മറ്റു പ്രസാധകർ.  ആകെ 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുക.  അറിവിന്റെയും സംസ്കാരത്തിൻ്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ  ദർശനമാണ് പുസ്തകമേളയുടെ വിജയത്തിന് കാരണമെന്ന് എസ് ബിഎ സിഇഒ അഹമദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. പ്രസിദ്ധീകരണത്തിനും സാഹിത്യത്തിനുമുള്ള ആഗോള ഹബ്ബായി ഷാർജയുടെ സ്ഥാനം ഉയർത്തുന്നതിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വം വലിയ പങ്കുവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *