എക്കാലത്തെയും ജനങ്ങളുടെ മികച്ച ബ്രാൻഡ് ആയ ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് പുറത്തിറങ്ങി. ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 14ന്റെ വില്പന യുഎഇയില്‍ ആരംഭിച്ചു. പുതിയ സീരീസുകൾ പുറത്തിറങ്ങുമ്പോൾ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പല ആപ്പിൾ സീരീസ് ഉപഭോക്താക്കളുടെയും രീതിയാണ്. ആദ്യം സ്വന്തമാക്കുന്നവരില്‍ ഉള്‍പ്പെടാനായി നൂറു കണക്കിന് പേരാണ് പുലര്‍ച്ചെ മുതല്‍ ദുബൈ മാളിന് മുന്നില്‍ കാത്തിരുന്നത്. ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരും രാവിലെ തന്നെ ഉപഭോക്താക്കളെ സ്വീകരിക്കാനെത്തിയിരുന്നു.
രാവിലെ പ്രാദേശിക സമയം എട്ട് മണിക്കാണ് ഫോണ്‍ വില്പന ആരംഭിച്ചത്. പുതിയ ഐഫോണിനായി കാത്തിരുന്നവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുമുണ്ടായിരുന്നു. റിസര്‍വേഷന്‍ തുടങ്ങിയപ്പോള്‍ ആദ്യം ഫോണ്‍ സ്വന്തമാക്കാനായി പല വഴികളും നോക്കി വിജയിച്ചവരാണ് ഇന്ന് ഫോണ്‍ വാങ്ങാനെത്തിയത്. റിസര്വേഷനുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ നാല് മണി മുതല്‍ കാത്തിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
ഇതുവരെ വില്‍പ്പനയ്ക്ക് എത്തിയ എല്ലാ ഐഫോണുകളും പോലെ, ഐഫോൺ 14 സീരീസിന്റെ വില അമേരിക്കന്‍ വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയിൽ. യഥാർത്ഥത്തിൽ യുകെ, ചൈന, ന്യൂസിലാൻഡ്, യുഎഇ, മറ്റു പല ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ ഇന്ത്യയില്‍ ഐഫോണ്‍ 14 വില കൂടുതലാണ് എന്നതാണ് നേര്.അതുകൊണ്ടുതന്നെ ഐഫോണ്‍ വിദേശത്ത് നിന്നും വാങ്ങാൻ ശ്രമിക്കുന്നവർ അധികമാണ്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ,ഐഫോണ്‍ 14 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളിലാണ് പുതിയ ഐഫോൺ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.