ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കം

ആഗോളകാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കം. പതിവ് പോലെ തന്നെ ഇത്തവണയും വിവിധ കാലാവസ്ഥാ പ്രശ്നങ്ങള്‍ വിഷയമാകും.

ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ യു.എ.ഇയിലുണ്ടാകും. 

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍നഹ്യാന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് മോദിയെത്തുന്നത്. ഒരു ദിവസത്തെ ചര്‍ച്ചകളില്‍ പങ്കെടുത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങും. മുൻവര്‍ഷങ്ങളില്‍ സമ്മേളനത്തിന്റെ ഭാഗമായ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇത്തവണ പങ്കെടുക്കില്ല. 

വിവിധ അറബ് ഭരണാധികാരികള്‍, ചാള്‍സ് രാജാവ്, യുക്രൈൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലെൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാൻ, ജോര്‍ദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരും ഉച്ചകോടിയുടെ ആദ്യദിനമെത്തും.

പാരീസ് ഉടമ്പടിപ്രകാരം ആഗോള താപ വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ നിലനിര്‍ത്തുന്നത് പോലുളള വിഷയങ്ങള്‍ അഭിസംബോധന ചെയ്യും. ആഗോള താപവര്‍ധനവിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത് സമ്ബന്നരാജ്യങ്ങളാണ്. ഇതിന്റെ ഉത്തരവാദിത്വം സമ്പന്നരാജ്യങ്ങള്‍ തന്നെ ഏറ്റെടുക്കണോ എന്നതും ചര്‍ച്ച ചെയ്യപ്പെടും. 

മുൻകാലങ്ങളില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ കല്‍ക്കരി ഉപയോഗം കുറയ്ക്കാമെന്ന് രാജ്യങ്ങള്‍ സമ്മതിച്ചുവെങ്കിലും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാമെന്ന വാഗ്ദാനം ആരും ഇതുവരെ നല്‍കിയിട്ടില്ല. ദുബായിലെ എക്സപോ സിറ്റിയാണ് ഇത്തവണ കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്നത്. 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് കോപ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോണ്‍ഫറൻസ് ഓഫ് ദ പാര്‍ട്ടീസ്. കോപ് 27 കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിലെ ഷറം എല്‍ ഷെയ്ഖിലാണ് സംഘടിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *