തൊഴിൽ മേഖലയിൽ തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഒരുപോലെ സംരക്ഷണം നൽകികൊണ്ടുള്ള പുതിയ നിയമ പരിഷ്‌ക്കാരം നടത്തിയിരിക്കുകയാണ് യു എ ഇ. സന്തുലിതാവസ്ഥ കൈവിടാതെയാണ് ഫെഡറൽ നിയമം 33ൽ മാറ്റങ്ങൾ വരുത്തിയതെന്നു ദുബായ് കോടതികളുടെ ന്യായാധിപൻ ഡോ. അലി അൽ ഹൂസുനി പറഞ്ഞു.
പുതിയ നിയമം സംബന്ധിച്ച് അവബോധമുണ്ടാക്കാൻ കോടതി തന്നെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പരസ്പര സമ്മതത്തോടെ തൊഴിൽ കരാർ രൂപപ്പെടുത്തി ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ ചില സാഹചര്യങ്ങളിൽ തൊഴിൽ വിടാനും സ്വാതന്ത്ര്യം പുതിയ നിയമം നൽകുന്നു. വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതും ദേശീയ പുരോഗതിയെന്ന ലക്ഷ്യം നേടുന്നതിൽ തൊഴിലുടമകളെ സഹായിക്കുന്നതുമാണ് നിയമ പരിഷ്കാരങ്ങൾ തൊഴിലാളിയെ മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്നു പിരിച്ചുവിടാനുള്ള അവകാശം തൊഴിലുടമയ്ക്കു നൽകുമ്പോൾ സ്പോൺസറെ മുൻകൂട്ടി അറിയിക്കാതെ തൊഴിലുപേക്ഷിക്കാനുള്ള അനുമതി തൊഴിലാളിക്കും നൽകുന്നു.
തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ്
– ആൾമാറാട്ടം നടത്തുമ്പോൾ
∙ വ്യാജ രേഖകൾ സമർപ്പിച്ച് തൊഴിൽ തട്ടിയെടുത്തതാണെന്ന് വ്യക്തമായാൽ.
∙ തൊഴിലിടത്തിലെ സ്ഥാവര ജംഗമ വസ്തുക്കൾ മനഃപൂർവം നശിപ്പിച്ചാൽ.
∙ തൊഴിലുടമയ്ക്ക് വൻ ബാധ്യതയുണ്ടാക്കിയാൽ
∙ അടിസ്ഥാന ജോലികൾ അവഗണിക്കുക, സ്ഥാപനത്തിന്റെ വ്യാവസായിക– ആശയപരമായ സ്വകാര്യതകൾ ചോർത്തുക
∙ ലഹരി ഉപയോഗം, തൊഴിലിടങ്ങളിൽ മറ്റു സദാചാര വിരുദ്ധ പ്രവൃത്തികൾ നടത്തിയാൽ
∙ തൊഴിലുടമയെ കയ്യേറ്റം ചെയ്യുക, ഒരു വർഷം 20 ദിവസത്തോളം ജോലിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ മാറി നിന്നാൽ, തുടർച്ചയായി 7 ദിവസം ജോലിക്കെത്താതിരുന്നാൽ
∙ വ്യക്തിപരമായ നേട്ടത്തിനും വരുമാന സമ്പാദനത്തിനുമായി തൊഴിൽ പദവികൾ ദുരുപയോഗം ഈ സാഹചര്യങ്ങളിൽ തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ച വിടാൻ സാധിക്കും. എന്നാൽ ഗർഭിണികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ തൊഴിൽ നിയമത്തിലുണ്ട്. അവരുടെ ഗർഭകാല ആനുകൂല്യങ്ങളോ അവധിയോ തടയരുത്, ഗർഭിണിയാകുന്നതോടെ തൽകാലികമായി ജോലിയിൽ നിന്ന് മാറ്റി നിറുത്തുന്നതും നിയമ ലംഘനമാണ്.
തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും, തൊഴിൽ നൽകുന്ന സംരക്ഷണങ്ങളും ഇവയാണ്,
– തൊഴിൽ കരാറിന്റെ തരം തിരഞ്ഞെടുക്കൽ, പ്രബേഷൻ കാലാവധി, തൊഴിൽ കരാർ കാലാവധി തീരുന്ന കാലത്തോളമുള്ള വിവിധ തരം അവധികൾ, തൊഴിലുടമയുടെ അവകാശങ്ങൾക്ക്
ഭംഗം വരുത്താതെ മറ്റൊരു ജോലിയിലേക്ക് തൊഴിലാളിക്ക് മാറാനുള്ള സ്വാതന്ത്ര്യം എന്നിവ പരിഷ്കരിച്ച തൊഴിൽ നിയമപരിധിയിൽ വരുന്നുണ്ട്.
– കൂടാതെ തൊഴിലാളിക്ക് അനുയോജ്യ താമസ സൗകര്യം നൽകാൻ തൊഴിലുടമയ്ക്കു കഴിയുന്നില്ലെങ്കിൽ താമസ അലവൻസ് പണമായി നൽകണം.
– അതിനും സാധിക്കുന്നില്ലെങ്കിൽ തൊഴിലാളിക്കു താമസിക്കാനുള്ള സൗകര്യം ഒരുക്കാൻ മറ്റു മാർഗങ്ങൾ തേടണം. ജോലിക്കാരെ കൊണ്ടുവരാനും കരാർ രൂപപ്പെടുത്താനുമുള്ള വീസ
ചെലവുകൾ സ്പോൺസർ തന്നെ വഹിക്കണം. നിർബന്ധിപ്പിച്ചോ, പീഢീപ്പിച്ചോ തൊഴിലെടുപ്പിക്കുന്നതു കർശനമായി വിലക്കുന്നതാണ് പുതിയ തൊഴിൽ നിയമം. വാക്കുകൾ കൊണ്ടോ
പ്രവൃത്തികൾ കൊണ്ടോ ശാരീരികമായോ മാനസ്സികമായോ തൊഴിലാളികളെ പ്രയാസ്സപ്പെടുത്താൻ പാടില്ല.
– തൊഴിലുപേക്ഷിക്കുമ്പോൾ 3 മാസം മുൻപു രേഖാമൂലം വിവരം അറിയിക്കണമെന്നാണു പട്ടം. എന്നാൽ, സ്ഥാപനം അടച്ചിടൽ ഭീഷണി നേരിടുകയോ തൊഴിലുടമ പാപ്പരാവുകയോ ചെയ്താൽ
മുന്നറിയിപ്പില്ലാതെ തൊഴിലുപേക്ഷിക്കാൻ ജീവനക്കാരനു സാധിക്കും.
– തൊഴിൽ കരാറിലെ നിർദേശങ്ങൾ ലംഘിച്ചാലും മുന്നറിയിപ്പില്ലാതെ തൊഴിലുപേക്ഷിക്കാം. തൊഴിലുടമയോ ഉത്തരവാദിത്തപ്പെട്ട പ്രതിനിധികളോ തൊഴിലാളിയെ ആക്രമിച്ചാലും തൊഴിൽ വിടാം. തൊഴിൽ കരാറിനു വിരുദ്ധമായ ജോലിയാണ് നൽകിയതെന്ന് ബോധ്യപ്പെട്ടാലും തൊഴിലിൽ നിന്ന് ഒഴിവാകാൻ നിയമം അനുവദിക്കുന്നു.
– അകാരണമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ നഷ്ടപരിഹാരം തേടാൻ തൊഴിലാളിക്ക് അവകാശമുണ്ട്.
– ഇതിനായി മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാനും സാധിക്കും.