അറുപത് ദിവസത്തേക്കുള്ള സന്ദർശക വിസ വീണ്ടുമനുവദിച്ച് ദുബായ് ; നല്കേണ്ടത് 500 ദിർഹം

 

ദുബായ് : ഒക്ടോബര്‍ മൂന്നാം തീയ്യതി മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നടപടികളുടെ ഭാഗമായി യുഎഇയില്‍ വീണ്ടും അറുപത് ദിവസത്തേക്കുള്ള വിസിറ്റ് വിസകള്‍ അനുവദിച്ചു തുടങ്ങി.ഇതിനോടകം ചിലര്‍ക്ക് ഈ വിസ ലഭിക്കുകയും ചെയ്‍തു.

നിലവില്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ ലഭ്യമാവുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. നിരവധിപ്പേര്‍ക്ക് ഇതിനോടകം ഈ വിസ ലഭിക്കുകയും ചെയ്‍തു. ഏകദേശം 500 ദിര്‍ഹമാണ് ട്രാവല്‍ ഏജന്‍സികള്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്കായി ഈടാക്കുന്നത്. 30 ദിവസം കാലാവധിയുള്ള സന്ദര്‍ശക വിസകളെ അപേക്ഷിച്ച് കുട്ടികളുടെ വിസയ്ക്കുള്ള ഫീസില്‍ ചില വ്യത്യാസങ്ങളുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. അതേസമയം ഈ വിസയുടെ കാര്യത്തില്‍ യുഎഇയിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് ചില വിവരങ്ങള്‍ കൂടി ലഭ്യമാവാന്‍ കാത്തിരിക്കുകയാണെന്നും ചില ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു.

യുഎഇയില്‍ വിസ, എന്‍ട്രിപെര്‍മിറ്റ് എന്നിവ അനുവദിക്കുന്നതില്‍ വലിയ മാറ്റമാണ് ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും കസ്റ്റംസ് ആന്റ് പോര്‍ട്ട് അതോറിറ്റിയും ഈ മാസം മുതല്‍ കൊണ്ടുവന്നിരിക്കുന്നത്. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡന്റ് വീസയാണ് പുതിയ വീസകളിൽ പ്രധാനം. സ്‍പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻ വീസ. തൊഴില്‍ അന്വേഷിക്കാനായി, സ്‍പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകളും അനുവദിക്കും. യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കില്‍ ലെവലുകളില്‍ വരുന്ന ജോലികള്‍ക്കായാണ് ഈ വിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന തൊഴില്‍ പരിചയമില്ലാത്ത ബിരുദധാരികള്‍ക്കും ജോലി കണ്ടെത്താനുള്ള വില ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *