വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ അറബ് റീഡിങ് ചലഞ്ചിന്റെ 8ആം എഡിഷനിൽ ദേശീയ തലത്തിൽ ഇമാറാത്തി വിദ്യാർഥി വിജയിയായി.
ദുബൈ അൽ ബർഷയിലെ സായിദ് എജുക്കേഷൻ കോംപ്ലക്സിലെ വിദ്യാർഥിയായ അഹമ്മദ് ഫൈസൽ അലിയാണ് വിജയിയായത്. ചലഞ്ചിൽ പങ്കെടുത്ത ഏഴുലക്ഷം പേരെ പിന്തള്ളിയാണ് ഫൈസൽ അലി വിജയിയായത്.
നിശ്ചയദാർഢ്യ കാറ്റഗറിയിൽ സുലൈമാൻ അൽ ഖദീം എന്ന വിദ്യാർഥി വിജയിയായി. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രി സാറ ബിൻത് യുസുഫ് അൽ അമീരി വിജയികളെ ആദരിച്ചു. യു.എ.ഇ തല വിജയികൾ ഇനി അവസാന റൗണ്ടിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമായി മത്സരിക്കും. അഞ്ചുലക്ഷം ദിർഹമാണ് വിജയിക്ക് സമ്മാനത്തുക.