അബുദാബി വിമാനത്താവളം ; യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല

അബുദാബി: കോവിഡ് പ്രതിരോധ നടപടിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെങ്കിലും അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം.

വിമാനത്തില്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. യു.എ.ഇ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില എയര്‍ലൈനുകള്‍ വിമാനത്തില്‍ യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. എത്തിഹാദ് എയര്‍വെയ്സ് വഴി ഇന്ത്യ, ഇന്തോനേഷ്യ,ചൈന,ജപ്പാന്‍,മാലിദ്വീപ്,ഫിലിപ്പൈന്‍സ്,ദക്ഷിണ കൊറിയ,കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ കൊവിഡ് പ്രതിരോധ നിബന്ധനകളില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ പ്രകാരം രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ നിലവില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമല്ല. അബുദാബിയിലെ സാംസ്‍കാരിക പരിപാടികള്‍ നടക്കുന്ന വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിനോദ മേഖലകളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *