അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ; 44 കോടി രൂപ സമ്മാനം നേടി മലയാളി

ദുബായ് : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹത്തിന്റെ ഭാഗ്യം തുണച്ചത് മലയാളിയെ. ഏകദേശം ഇന്ത്യൻ രൂപ 44 കോടിയാണ് മലയാളി സ്വന്തമാക്കിയിരിക്കുന്നത്. ജബൽ അലിയിലെ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന കെ. പി. പ്രദീപിനെയാണ് ഭാഗ്യം തുണച്ചത്. അബുദാബി ബിഗ് ടിക്കറ്റിന്റെ 244–ാം സീരീസ് നറുക്കെടുപ്പിലാണ് ഈ ഇരുപത്തിനാലുകാരനെ തേടി ഭാഗ്യം എത്തിയത്. 064141 നമ്പർ ടിക്കറ്റിനാണ് സമ്മാനം. പ്രദീപും അദ്ദേഹത്തിന്റെ 20 സഹപ്രവർത്തകരും ചേർന്ന് സെപ്റ്റംബർ 13 നാണ് ഓൺലൈനായി ടിക്കറ്റ് വാങ്ങിയത്. 44 കോടി രൂപ ഇവർ പങ്കിട്ടെടുക്കും.

വിജയത്തെക്കുറിച്ച് അറിയിക്കാൻ അധികൃതർ ബന്ധപ്പെട്ടപ്പോൾ പ്രദീപ് ജോലിയിലായിരുന്നു. സമ്മാനം ലഭിച്ചെന്ന് പ്രദീപിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പണം എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന്, സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ലെന്നു പ്രദീപ് പറഞ്ഞു.

നറുക്കെടുപ്പിൽ ദുബായിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിയായ അബ്ദുൾ ഖാദർ ഡാനിഷ് എന്നയാൾക്ക് 1 ദശലക്ഷം ദിർഹം രണ്ടാം സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ ഷാജി പുതിയ വീട്ടിൽ, മുഹമ്മദ് അലി പാറത്തൊടി എന്നിവർക്ക് നറുക്കെടുപ്പിൽ ജീപ്പ് ഗ്രാൻഡ് സമ്മാനമായി ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *