അബുദാബി : ശൈത്യകാല വിനോദ സഞ്ചാര സീസണ് മുന്നോടിയായി അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ സിറ്റി ചെക്ക് ഇൻ സർവീസ് വീണ്ടും ആരംഭിച്ചു. മൂന്നുവർഷത്തെ ഇടവേളക്ക് ശേഷമാണ് ചെക്ക് ഇൻ ആരംഭിച്ചിരിക്കുന്നത്. 24 മണിക്കൂർ മുൻപ് വരെ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് സിറ്റി ചെക്ക് ഇൻ.
സാധാരണ ഗതിയിൽ 4 മണിക്കൂർ മുൻപായി യാത്രക്കാർ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യുകയാണ് പതിവ് .എന്നാൽ സിറ്റി ചെക്ക് ഇൻ വഴി 24 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാൻ സാധിക്കുന്നതിലൂടെ യാത്രക്കാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോർഡിങ് പാസുകൾ സ്വന്തമാക്കി സമാധാനപരമായി ഇരിക്കുവാൻ സാധിക്കുന്നു. ചെക്കിങ്ങിൽ തൂക്കം കൂടുതലാണെങ്കിൽ, ലഗേജുകളിൽ നിന്ന് സാധനങ്ങൾ ഒഴിവാക്കുവാനും മറ്റും കൂടുതൽ സമയം ലഭിക്കുന്നുവെന്നുള്ളതാണ് ഇതിന്റെ ഗുണവശം. കൂടുതൽ ഉള്ള സാധനങ്ങൾ എയർപോർട്ടിൽ ഉപേക്ഷിക്കാതെ വീട്ടിലേക്ക് തന്നെ തിരിച്ച് കൊടുതത്തയക്കുവാനും ഇത് വഴി സാധിക്കുന്നു . അബുദാബി സായിദ് പോർട്ടിലെ ടെർമിനൽ ഒന്നിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിൽ എത്തിഹാദ് എയർവെയ്‌സ് വഴി യാത്ര ചെയ്യുന്നവർക്കാണ് സിറ്റി ചെക്ക് ഇൻ സാധ്യമാകുന്നത്. അതേസമയം ചെക്ക് ഇൻ ചെയ്യാനായി വേണ്ടി വരുന്ന നീണ്ട ക്യു ഒഴിവാക്കാനും ഇതുവഴി സാധിക്കുന്നു.
2019 ഒക്ടോബറിൽ സിറ്റി ചെക്ക് ഇൻ സംവിധാനം അബുദാബി എയർപോർട്ട് നിർത്തലാക്കിയിരുന്നു.സംവിധാനം പുനരാരംഭിച്ചപ്പോൾ മുതിർന്നവർക് 45 ദിർഹവും, കുട്ടികൾക്ക് 25 ദിർഹവും,ശിശുക്കൾക്ക് 15 ദിർഹവും, 4 പേര് അടങ്ങുന്ന കുടുംബത്തിന് 120 ദിർഹവുമാണ് ചെക്ക് ഇൻ നിരക്ക്. രാവിലെ 9 മുതൽ രാത്രി 9 വരെ 12 മണിക്കൂറാണ് ടെർമിനൽ പ്രവർത്തിക്കുന്നത്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കായി വിശാലമായ പാർക്കിംഗ് സ്ഥലമുണ്ട്. പൊതുഗതാഗത മാർഗം ആളുകൾക്ക് ടെർമിനലിലേക്ക് പ്രവേശിക്കുന്നതിനായി ബസ് സൗകര്യങ്ങളുമുണ്ട്. മറീന മാളിൽ നിന്ന് 9 ആം നമ്പർ ബസിലും,ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നിന്ന് 44 ആം നമ്പർ ബസിലും ക്രൂയിസ് ടെർമിനലിലേക്ക് പ്രവേശിക്കാൻ സാധിക്കും