വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി പോലീസ്, അബുദാബി നാഷണൽ ഓയിൽ കമ്പനി ഫോർ ഡിസ്ട്രിബൂഷൻ (ADNOC Distribution) എന്നിവർ ചേർന്നാണ് ഈ ADNOC മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ ആരംഭിച്ചിരിക്കുന്നത്. അബുദാബി പോലീസ് ജനറൽ കമാൻഡ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹ്മദ് സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരി, അബുദാബി പോലീസ് ജനറൽ കമാൻഡ് ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിങ്ങ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ബ്രൈക് അൽ അമീരി, ADNOC ഡിസ്ട്രിബൂഷൻ സി ഇ ഓ എഞ്ചിനീയർ ബദ്ർ സയീദ് അൽ ലംകി തുടങ്ങിയവർ ഈ മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
#أخبارنا | #شرطة_أبوظبي و”أدنوك للتوزيع” تفتتحان مركزاً متنقلاً لفحص المركبات
التفاصيل:https://t.co/fYfxUr4IKB pic.twitter.com/1IFeSXxCkw
— شرطة أبوظبي (@ADPoliceHQ) August 15, 2023
ഈ മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ ഉപയോഗപ്പെടുത്തിക്കൊണ്ട് അബുദാബിയിലെ വിവിധ ഇടങ്ങളിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതാണ്. രാവിലെ 7 മുതൽ വൈകീട്ട് 3 മണിവരെയാണ് ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ നൽകുന്നത്. ഈ സേവനത്തിനായി കമ്പനികളിൽ നിന്ന് 400 ദിർഹം, വ്യക്തികളിൽ നിന്ന് 200 ദിർഹം എന്ന രീതിയിലാണ് ഈടാക്കുന്നത്. ADNOC ഡിസ്ട്രിബൂഷൻ കസ്റ്റമർ സർവീസ് സെന്റർ ടോൾ ഫ്രീ നമ്പറായ 800300 എന്ന നമ്പറിൽ ബന്ധപ്പെട്ട് കൊണ്ട് ഈ സേവനം ആവശ്യപ്പെടാവുന്നതാണ്. ഈ നമ്പറിൽ ലഭിക്കുന്ന അപേക്ഷകളിൽ മണിക്കൂറുകൾക്കകം സേവനങ്ങൾ നൽകുന്ന രീതിയിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.