അബുദാബിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ;നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചു പോയി

ചൂടിനിടയിൽ അപ്രതീക്ഷിതമായി പെയ്ത കനത്തമഴയിലും ആലിപ്പഴ വർഷത്തിലും പകച്ച് ജനങ്ങൾ.യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയിൽ കാറുകളടക്കം ഒലിച്ചു പോയി. മലവെള്ളപ്പാച്ചലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

വടക്കൻ എമിറേറ്റുകളായ ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അൽഐനിലുമാണു കനത്ത മഴ പെയ്തത്. ഈ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ട്.റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾ എന്നിവിടങ്ങളിലെ തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്.റോഡുകളെല്ലാം വെള്ളം കയറിയ നിലയിൽ ആണ്.

മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് വിവിധ എമിറേറ്റ് റോഡുകളിലെ വെള്ളക്കെട്ട് നീക്കിയത്. മഴ പെയ്തതോടെ ഈ പ്രദേശങ്ങളിലെ താപനിലയും കുറഞ്ഞു. വാരാന്ത്യത്തിൽ ഇവിടെ താപനില 29 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് റിപ്പോർട്ട്.

ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നും മണിക്കൂറിൽ 40 കിമീ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേകിച്ചു തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. രാവിലെ മൂടൽമഞ്ഞും വൈകുന്നേരങ്ങളിൽ നേരിയ കാറ്റുമുണ്ടാകും. ദൂരക്കാഴ്ച കുറയുന്നതിനാൽ വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണം.

Leave a Reply

Your email address will not be published. Required fields are marked *