അബുദാബിയില്‍ റെഡ് സിഗ്നൽ മറികടന്നാൽ ഡ്രൈവർക്ക് 51,000 ദിർഹം പിഴ

റോഡുകളിലെ റെഡ് സിഗ്നൽ മറികടക്കുന്ന ഡ്രൈവർമാർക്ക് 51,000 ദിർഹം പിഴ ചുമത്താൻ അബുദാബി പൊലീസ് തീരുമാനിച്ചു. നിയമ ലംഘനം ആവർത്തിക്കുന്നവർക്കു ലൈസൻസും നഷ്ടപ്പെടും. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് നിയമ ലംഘകരെ കണ്ടെത്തുന്നത്. സിഗ്നലുകളിലെ അമിത വേഗം, പച്ച സിഗ്നൽ അണയും മുൻപ് മറികടക്കാനുള്ള കുതിപ്പ് എന്നിവ നിയമ ലംഘനങ്ങളുടെ പരിധിയിൽ വരും. ചുവപ്പ് സിഗ്നൽ മറികടന്നാൽ 1000 ദിർഹമാണ് സാധാരണ നിലയിൽ പിഴ.

ലൈസൻസിൽ ഒറ്റയടിക്ക് 12 ബ്ലാക്ക് മാർക്ക് പതിയും. പരിഷ്കരിച്ച നിയമ പ്രകാരം റെഡ് സിഗ്നൽ മറികടക്കുന്ന വാഹനം പിടിച്ചെടുക്കും. വിട്ടു കിട്ടണമെങ്കിൽ 50000 ദിർഹം നൽകേണ്ടി വരും. അങ്ങനെ ഒരു പിഴവിനു നഷ്ടമാവുക 51000 ദിർഹമായിരിക്കും. ഡ്രൈവറുടെ ലൈസൻസ്  6 മാസത്തേക്ക് പൊലീസ് പിടിച്ചു വയ്ക്കും. പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ചു തിരിച്ചെടുത്തില്ലെങ്കിൽ വാഹനം പരസ്യ ലേലത്തിൽ വിൽക്കും.

നിയമലംഘകരെ മൊബൈൽ സന്ദേശം വഴി അറിയിച്ചതിനു ശേഷം പത്രങ്ങളിൽ പരസ്യം ചെയ്തിട്ടായിരിക്കും വാഹനങ്ങൾ ലേലം ചെയ്യുക. വാഹനത്തിനു പിഴയൊടുക്കാനുള്ള മൂല്യം ഇല്ലെങ്കിൽ, ലേലത്തിൽ ലഭിക്കുന്ന തുക കുറച്ചു ബാക്കി പണം വാഹന ഉടമയുടെ പേരിൽ ബാധ്യതയായി ട്രാഫിക് ഫയലിൽ കിടക്കും. 

Leave a Reply

Your email address will not be published. Required fields are marked *