അതിസമ്പന്ന നഗരം; ആഗോള പട്ടികയിൽ ഒന്നാമതെത്തി അബൂദബി

അതിസമ്പന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഒന്നാമതെത്തി അബൂദബി. ലോകത്ത് ഏറ്റവും കൂടുതൽ സോവറിൻ വെൽത്ത് ഫണ്ട് സ്വന്തമായുള്ള നഗരങ്ങളുടെ പട്ടികയിലാണ് അബൂദബി ഇടംപിടിച്ചത്. സിംഗപൂർ ആസ്ഥാനമായ ആഗോള ധനകാര്യ സ്ഥാപനം ഗ്ലോബൽ എസ്.ഡബ്ല്യൂ.എഫ് പുറത്തുവിട്ട റിപ്പോർട്ടിലാണ് അബൂദബിയുടെ ഒന്നാം സ്ഥാനം.

1.67 ട്രില്യൺ യുഎസ് ഡോളറിന്റെ ആസ്തിയാണ് അബൂദബിക്ക് സ്വന്തമായുള്ളത്. അബൂദബി ഇൻവസ്റ്റ്മെന്റ് അതോറിറ്റി, നിക്ഷേപ കമ്പനി മുബാദല, അബൂദബി ഡെവലപ്മെന്റൽ ഹോൾഡിങ് കമ്പനി, എമിറേറ്റ്സ് നിക്ഷേപ അതോറിറ്റി എന്നിവയുടെ ആസ്തികളെല്ലാം ഉൾപ്പെട്ടതാണ് അബൂദാബി നഗരത്തിന്റെ മൂല്യം.

1.66 ട്രില്യൺ ഡോളറുമായി നോർവേ നഗരമായ ഓസ്ലോയാണ് പട്ടികയിൽ രണ്ടാമത്. 1.34 ട്രില്യൺ ഡോളർ ആസ്തിയുമായി ബീജിങ് തൊട്ടുപിറകിലുണ്ട്. 1.1 ട്രില്യൺ ഡോളർ മൂല്യവുമായി റിയാദ് നാലാമതും സിംഗപൂർ അഞ്ചാമതുമാണ്. അറബ് ലോകത്തു നിന്ന് കുവൈത്ത് സിറ്റി, ദോഹ, ദുബൈ നഗരങ്ങളും പട്ടികയിലുണ്ട്. റിപ്പോർട്ട് പ്രകാരം മധ്യേഷ്യൻ-വടക്കൻ ആഫ്രിക്കൻ നഗരങ്ങളുടെ ആകെ ആസ്തി മൂല്യം 5.29 ബില്യൺ യുഎസ് ഡോളറാണ്. ഏഷ്യൻ നഗരങ്ങളുടെ ആസ്തി 4.2 ബില്യൺ ഡോളർ. രണ്ട് ബില്യൺ ഡോളറാണ് യൂറോപ്യൻ നഗരങ്ങളുടെ ആസ്തി.

Leave a Reply

Your email address will not be published. Required fields are marked *