‘150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്’: നടൻ അജു വർ​ഗീസ്

സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് രംഗത്തെത്തി നടൻ അജു വർ​ഗീസ്. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർ​ഗീസ് നിലപാട് വ്യക്തമാക്കിയത്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു വർ​ഗീസ് പറഞ്ഞു.

ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അത് മാറാത്തിടത്തോളം കാലം നമ്മൾ സംസാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കിൽ താൻ പറയും. താൻ ഭാ​ഗമാകുന്ന മലയാളസിനിമകൾ കലയേക്കാളും ഒരു ഇൻഡസ്ട്രിയൽ പ്രോഡക്ട് ആണെന്നും അജു അഭിപ്രായപ്പെട്ടു.

ഞാൻ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറ്. അതൊരു ഉത്പ്പന്നമാണ്. നമ്മൾ വിപണിയിൽനിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോൾ ഐ.എസ്.ഐ മുദ്രയുണ്ടെങ്കിൽ, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു.

ഒരു നടനെ ഇഷ്ടപ്പെടാതെ സിനിമ കാണാൻ വന്ന് ആളുകൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തിരിച്ചുപോയ പ്രദർശനത്തിലും ഞാൻ ഇരുന്നിട്ടുണ്ട്. നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും എനിക്കൊന്നും സിനിമ കിട്ടില്ല. മുൻവിധിയോടെ ഒരാളും വരുന്നുണ്ടെന്ന് തോന്നുന്നില്ല. 150 രൂപ പോകുന്നതിനേക്കാൾ തോന്നിയിട്ടുള്ളത് നമുക്കിഷ്ടമുള്ളൊരാളെ കാണാൻ നമ്മൾ പോകുമ്പോൾ അവർ സ്ക്രീനിൽ നമ്മളെ നിരാശപ്പെടുത്തുമ്പോൾ തോന്നുന്ന സൗന്ദര്യപ്പിണക്കമാണിതെന്നാണ് തോന്നിയിട്ടുള്ളത്. അടുത്ത പടം വരുമ്പോൾ അവരത് മറക്കും. എല്ലാം പെർഫെക്റ്റാവുന്നത് സിനിമയിൽ ബുദ്ധിമുട്ടാണെന്നും അജു വർ​ഗീസ് കൂട്ടിച്ചേർത്തു.

ഗരുഡന്റെ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് ഫീനിക്സ്. മിഥുൻ മാനുവലിന്റെ പ്രധാന സഹായിയായിരുന്ന വിഷ്ണു ഭരതനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *