സ്വമൂത്രം ജീവൻരക്ഷ മരുന്നാണ്, എല്ലാ അസുഖങ്ങളും മാറും; പരമശിവൻ പോലും മൂത്രം പാനം ചെയ്തിരുന്നു: കൊല്ലം തുളസി

നടൻ കൊല്ലം തുളസി നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ കേരളമെന്ന യുട്യബ് ചാനലിലാണ് പേര് മൂലം ഉണ്ടായിട്ടുള്ള പൊല്ലപ്പുകളെ കുറിച്ച് അടക്കം നടൻ മനസ് തുറന്നു. പെണ്ണാണെന്ന് കരുതി തന്നെ തേടി ​ഗൾഫിൽ നിന്നുവരെ കത്തുകൾ വരുമായിരുന്നുവെന്നും കൊല്ലം തുളസി പറയുന്നു. തുളസീധരൻ എന്ന പേര് സിനിമയിലേക്ക് വന്നശേഷമാണ് കൊല്ലം തുളസിയെന്ന് മാറ്റിയത്.

ഈ പേര് എന്നെ പലപ്പോഴും കുഴപ്പിച്ചിട്ടുണ്ട്. സഹപ്രവർത്തകന് കൊല്ലം തുളസി എന്ന പേര് വെച്ചാണ് ഞാൻ ഒരിക്കൽ കത്തെഴുതിയത്. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ പ്രശ്നമുണ്ടായി. ഭാര്യയ്ക്ക് തുളസിയെന്ന പേര് കണ്ടപ്പോൾ സംശയമായി. അവസാനം അവരുടെ കലഹം തീർക്കാൻ കൊല്ലത്ത് നിന്നും ഞാൻ കോഴിക്കോട് വരെ പോയി.

പരിപാടിയിൽ പങ്കെടുക്കുമ്പോൾ ശ്രീമതി കൊല്ലം തുളസിയെന്ന് ആങ്കർമാർ അഭിസംബോധന ചെയ്യാറുണ്ട്. നടിയാണെന്ന് പേര് കേട്ട് പലരും തെറ്റിദ്ധരിക്കും. എന്നെ കുറിച്ച് വരുന്ന ട്രോളുകൾ ‍ഞാൻ കാണാറുണ്ട്. തുളസി ചേച്ചിയെന്ന് വിളിച്ച് കത്തുകൾ വരെ വരാറുണ്ട്. പലതിനും പെണ്ണ് മറുപടി എഴുതുന്ന രീതിയിൽ ഞാൻ എഴുതി അയച്ചിട്ടുണ്ട്. പേര് വരുത്തിയ കുറേ വിനകളുണ്ടെന്നാണ് നടൻ പറഞ്ഞത്.

യൂറിന്‍ തെറാപ്പിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന നടൻ സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കുന്നത് പരി​ഹാരമാണെന്ന് മുമ്പൊരിക്കൽ പറഞ്ഞപ്പോൾ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു. എന്നാൽ ഇപ്പോഴും താരം അതിൽ ഉറച്ച് നിൽക്കുകയാണ്. ഇപ്പോഴും താൻ സ്വമൂത്രം കുടിക്കാറുണ്ടെന്നും പുതിയ അഭിമുഖത്തിൽ താരം പറഞ്ഞു.

കാൻസർ വന്നശേഷം ചില അനുബന്ധ രോ​ഗങ്ങളും വന്നിരുന്നു. അല്ലാതെ ഒരു രോ​ഗവും എനിക്കില്ല. അത് മറ്റൊന്നും കൊണ്ടല്ല… എന്റെ മൂത്രം ഞാൻ കുടിക്കുന്നത് കൊണ്ടാണ്. അങ്ങനെ ഞാൻ എന്റെ രോ​ഗങ്ങൾക്കെല്ലാം അറുതി വരുത്തുന്നു. സ്വമൂത്രം പാനം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലുള്ള എല്ലാ അസുഖങ്ങളും മാറും. ഇത് ഞാൻ കണ്ടുപിടിച്ചതല്ല.

ആദിമ കാലം മുതലെയുള്ളതാണ്. സാക്ഷാൽ പരമശിവൻ പോലും മൂത്രം പാനം ചെയ്തിരുന്നു. പാർവതി ഒരിക്കൽ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ മൂത്രപാനം ചെയ്യുന്നതുകൊണ്ടാണെന്നാണ് ശിവൻ മറുപടി പറഞ്ഞത്. ശരീരത്തിൽ വരാവുന്ന എല്ലാ അസുഖങ്ങൾക്കുമുള്ള പ്രതിരോധമാണ് മൂത്രപാനം. ഒരു ദിവ്യ ഔഷധമാണത്. എന്റെ അഭിപ്രായത്തിൽ എല്ലാവരും മൂത്രം കുടിച്ച് ആരോ​ഗ്യം സംരക്ഷിക്കണം. ഞാൻ ഇപ്പോഴും കുടിക്കാറുണ്ട്. മാത്രമല്ല ചെവിക്കോ കണ്ണിനോ മൂക്കിനോ വേദനയോ അസുഖമോ വന്നാലും മൂത്രം ഒഴിച്ചാൽ മതി.

മുറിവുകളും മൂത്രം കൊണ്ട് കഴുകാം. മൂത്രം ശരീരത്തിൽ തേച്ച് കുളിക്കുക. മുഖത്ത് തേച്ചാൽ നല്ല കാന്തി വരും. ജീവൻരക്ഷ മരുന്നാണ് സ്വമൂത്രം. എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യവും അത് തന്നെയാണ് എന്നും കൊല്ലം തുളസി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *