സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജം; ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങടെ ബന്ധം: ഷാജി കൈലാസ്

സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് സംവിധായകൻ ഷാജി കൈലാസ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരായാലും ദൈവത്തെ ഓർത്ത് ഇത് നിർത്തണമെന്നും അറിയാത്ത കാര്യങ്ങൾ ഇങ്ങനെ എഴുതി കൊണ്ടിരിക്കുന്നത് ഒരാളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.

സംഘപരിവാറിനൊപ്പം ചേർന്ന സുരേഷ് ഗോപിക്ക് മനുഷ്യത്തം മരവിച്ചു എന്ന രീതിയിലുള്ള പരാമർശം ഷാജി കൈലാസ് നടത്തിയെന്നാണ് പോസ്റ്റിൽ പറയുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ കാർഡുകൾ പ്രചരിക്കുന്നുണ്ട്.

ഇതിനെതിരെ വിവിധ മാദ്ധ്യമങ്ങൾ ഫാക്ട് ചെക്ക് നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടു വന്നിരുന്നു. പിന്നാലെയാണ് ഷാജി കൈലാസിന്റെ പ്രതികരണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഉടൻ തന്നെ സൈബർ സെല്ലിൽ നേരിട്ട് പരാതി കൊടുക്കുമെന്ന് ഷാജി കൈലാസ് അറിയിച്ചു.

ഷാജി കൈലാസിന്റെ പ്രതികരണം

ആരായാലും ഇതിങ്ങനെ എഴുതി കൊണ്ടിരിക്കരുത്..ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരായാലും ദൈവത്തെ ഓർത്ത് ഇത് നിർത്തണം…അറിയാത്ത കാര്യങ്ങൾ ഇങ്ങനെ എഴുതി കൊണ്ടിരിക്കുന്നത് ഒരാളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്…എന്നെയാണ് ഈ എഴുത്ത് വഴി ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ അല്ല.

എന്റെ രാഷ്ട്രീയം വേറെ അദ്ദേഹത്തിന്റെ വേറെ. പക്ഷേ സഹോദര ബന്ധം ദൃഢമാണ്. …ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങടെ ബന്ധം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഉടൻ തന്നെ സൈബർ സെല്ലിൽ നേരിട്ട് പരാതി കൊടുക്കും…

Leave a Reply

Your email address will not be published. Required fields are marked *