സമൂഹ മാധ്യമ നിരൂപണം സിനിമകള്‍ക്ക് ആവശ്യമെന്ന് ഓപ്പണ്‍ ഫോറം

സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനത്തിന് ഓപ്പണ്‍ ഫോറത്തിന്റെ പിന്തുണ. ഇപ്പോള്‍ നിരൂപണങ്ങള്‍ പ്രമുഖ സിനിമകള്‍ക്കു മാത്രമായി ചുരുങ്ങുകയാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ നിരൂപണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഒട്ടേറെ നല്ല ചിത്രങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോവുകയാണ്. അത്തരം സിനിമകളെ അവലോകനം ചെയ്യണമെന്ന് രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം പിയറി സൈമണ്‍ ഗട്ട്മാന്‍ ആവശ്യപ്പെട്ടു. വലിയ സിനിമകള്‍ നിരൂപണത്തിനു വിധേയമാകുമ്പോള്‍ ചെറിയ സിനിമകള്‍ അപ്രത്യക്ഷമായി പോവുകയാണെന്ന് ജൂറിയിലെ മറ്റൊരംഗം മെലിസ് ബെലില്‍ ചൂണ്ടിക്കാട്ടി.

സിനിമ നിരൂപണം മാത്രമല്ല, ഒരുത്തരുടെയും അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ കഴിയുന്ന ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് എന്‍ വിദ്യാശങ്കര്‍ പറഞ്ഞു. നിരൂപണമേഖലയില്‍ ഇന്നു കാണുന്ന മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന നിലപാടാണ് പൊതുവെ പ്രകടമാകുന്നതെന്ന് ജി പി രാമചന്ദ്രന്‍ വിലയിരുത്തി.

സമൂഹ മാധ്യമങ്ങളെ ഒഴിവാക്കി നിര്‍ത്തി നിരൂപണം സാധ്യമല്ലെന്ന് അശ്വതി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചര്‍ച്ചയില്‍ വി കെ ജോസഫ്, മീനാക്ഷി ദത്ത, ശ്രീദേവി അരവിന്ദ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *