‘സമയമിതപൂർവ സായാഹ്നം’ എന്ന പാട്ടിന്റെ റെക്കോഡിങ്ങിനായി 5 മണിക്കൂർ’; എംജി ശ്രീകുമാർ പറയുന്നു

ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ‘സമയമിതപൂർവ സായാഹ്നം’ എന്ന പാട്ടിന്റെ റെക്കോഡിങ്ങിനായി അഞ്ച് മണിക്കൂറിലേറെ സമയം ചെലവഴിച്ചുവെന്ന് ഗായകൻ എംജി ശ്രീകുമാർ. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഈ പാട്ട് പാടിയത് എംജി ശ്രീകുമാറും യേശുദാസും ചേർന്നാണ്. അന്നത്തെ റെക്കോഡിങ്ങിനെ കുറിച്ചും ‘പൊന്നെ പൊന്നമ്പിളി’ എന്ന പാട്ടിൽ നിന്ന് തന്നെ മാറ്റിയതിനെ കുറിച്ചുമെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാർ.

‘ഔസേപ്പച്ചൻ ചേട്ടൻ എല്ലാ തരത്തിലും പൂർണത നോക്കുന്നയാളാണ്. ഓരോ വരി പാടി നോക്കുമ്പോഴും ചിലപ്പോൾ എനിക്ക് തൃപ്തിയാകില്ല. ചിലപ്പോൾ ഔസേപ്പച്ചൻ ചേട്ടന് തൃപ്തിയാകില്ല. അങ്ങനെ പാടിപ്പാടി അഞ്ച് മണിക്കൂറിന് മുകളിൽ പോയി റെക്കോഡിങ്. ഒടുവിൽ എനിക്ക് മടുത്തു.

ആ പാട്ടിലെ ദാസേട്ടൻ പാടിയ ഭാഗം അമേരിക്കയിലാണ് റെക്കോർഡ് ചെയ്തത്. അദ്ദേഹം അമേരിക്കയിൽ സെറ്റിൽഡ് ആകാൻ വേണ്ടി പോയതായിരുന്നു. ആ സമയത്ത് അവിടെയൊരു റെക്കോഡിങ് സ്റ്റുഡിയോയെല്ലാം സെറ്റ് ചെയ്തു. അതിനുശേഷം കുറേ പാട്ടുകളൊക്കെ അദ്ദേഹം അവിടെ നിന്ന് പാടി അയച്ചിട്ടുണ്ട്.’- എംജി ശ്രീകുമാർ ഓർമകൾ പങ്കുവെയ്ക്കുന്നു.

‘അതുപോലെ ഈ ചിത്രത്തിലെ ‘പൊന്നേ പൊന്നമ്പിളി’ എന്ന പാട്ടിന് പിന്നിലും ഒരു കഥയുണ്ട്. ആ പാട്ടിന് മോഹൻലാലും മമ്മൂക്കയും ഒരുമിച്ച് സ്‌ക്രീനിൽ വരുന്നുണ്ട്. മോഹൻലാലിനുവേണ്ടി ഞാനും മമ്മൂക്കയ്ക്കുവേണ്ടി ദാസേട്ടനും പാടട്ടെ എന്നായിരുന്നു ആദ്യ തീരുമാനം. ആ ഉദ്ദേശത്തോടെയായിരുന്നു ഔസേപ്പച്ചൻ പാട്ട് കംപോസ് ചെയ്തത്. ആ സമയത്ത് ഫാസിൽ സാർ പുതിയൊരു ആശയവുമായി വന്നു. മമ്മൂക്കയ്ക്കും മോഹൻലാലിനുംവേണ്ടി ദാസേട്ടൻതന്നെ പാടട്ടെ എന്നായിരുന്നു ആ ആശയം. മോഹൻലാലിനുവേണ്ടി പാടിയ ഭാഗം അൽപം സ്പീഡ് കൂട്ടുന്നു. അങ്ങനെ വരുമ്പോൾ ശബ്ദത്തിൽ വ്യത്യാസം വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ആ പാട്ടിൽ അങ്ങനെയൊരു വ്യത്യാസമൊന്നും വന്നില്ല. എന്നെയൊന്ന് മാറ്റി നിർത്താൻ വേണ്ടി ചെയ്ത പരീക്ഷണമായിരുന്നു അത്.’-തമാശ കലർത്തി എംജി ശ്രീകുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *