ലോകമെന്പാടും ആരാധകരുള്ള നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലര്‍ ബോക്‌സ് ഓഫിസില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. രജനികാന്തിന്റെ സിനിമ ആരാധകര്‍ക്ക് ഉത്സവമാണ്.
ഈ ഉത്സവനാളുകളില്‍ ജപ്പാനില്‍ നിന്നെത്തിയ രജനി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്. ‘ഫസ്റ്റ് ഡേ ഫസ്റ്റ്‌ഷോ’ (എഫ്ഡിഎഫ്എസ്) കാണാനാണ് തമിഴ് സംസാരിക്കുന്ന ജപ്പാന്‍കാരന്‍ യസുദ ഹിഡെതോഷിയും പങ്കാളിയും ചെന്നൈയിലെത്തിയത്. ഒസാക്കയില്‍നിന്നാണ് ജാപ്പനീസ് ദമ്പതികളെത്തിയത്. ജപ്പാനിലെ രജനികാന്ത് ഫാന്‍സ് ക്ലബ് നേതാവ് കൂടിയാണ് ഹിഡെതോഷി.
പിടിഐ പങ്കുവച്ച വീഡിയോയില്‍, ‘ജയിലര്‍ സിനിമ കാണാന്‍ ഞങ്ങള്‍ ജപ്പാനില്‍നിന്ന് ചെന്നൈയില്‍ എത്തി. സൂപ്പര്‍സ്റ്റാറിന്റെ 169ാം ചിത്രം കാണുന്നതില്‍ വളരെ സന്തോഷമുണ്ട്’ എന്ന് ഹിഡെതോഷി തമിഴില്‍ പറയുന്നു. വൈറലായ ചിത്രത്തിലെ വണ്‍ ലൈനായ ‘ഹുകും ടൈഗര്‍ കാ ഹുകും’ (കടുവയുടെ ഉത്തരവ്) എന്ന പ്രസിദ്ധമായ ഡയലോഗും അദ്ദേഹം പറഞ്ഞു.