വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആളാണ് പൃഥ്വി; പൃഥ്വിരാജുമായിട്ട് വർക്ക് ചെയ്യുന്നത് കുറച്ച് പ്രയാസമുള്ള കാര്യം: മോഹൻലാൽ

പൃഥ്വിരാജുമായിട്ട് വർക്ക് ചെയ്യുന്നത് പ്രയാസമുള്ള കാര്യം തന്നെയെന്ന് മോഹൻലാൽ. സംവിധായകൻ എന്ന നിലയിൽ വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആളാണ് പൃഥ്വി. അദ്ദേഹം ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ ചോദിച്ചുകൊണ്ടേയിരിക്കും. അവിടെ ഈഗോയ്‌ക്ക് സ്ഥാനമില്ലെന്നും, സ്വയം അടിയറവ് പറയേണ്ടി വരുമെന്നും മോഹൻലാൽ പറയുന്നു. ബറോസിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മോഹൻലാൽ മനസ് തുറന്നത്.

മോഹൻലാലിന്റെ വാക്കുകൾ-

”അമേസിംഗ് ആയ സംവിധായകനാണ് പൃഥ്വിരാജ്. ലെൻസിംഗ് മുതൽ സിനിമയ്‌ക്ക് വേണ്ട ഓരോ എക്യുപ്‌മെന്റ്‌സിനെ കുറിച്ചും അയാൾക്ക് വ്യക്തമായ ധാരണയുണ്ട്. അതിനേക്കാളുപരി അയാളുടെ നടനെ കുറിച്ച് കൃത്യമായ അവബോധവും സംവിധായകനെന്ന നിലയിൽ പൃഥ്വിക്കുണ്ട്. ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ അയാൾ നമ്മിൽ നിന്ന് അത് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ കമ്മിറ്റ്‌മെന്റ് ആണ് അത് സൂചിപ്പിക്കുന്നത്. കുറച്ചു പ്രയാസമുള്ള കാര്യമാണ് പൃഥ്വിരാജുമായി വർക്ക് ചെയ്യുന്നത്. നമ്മൾ സ്വയം അടിയറവ് പറയേണ്ടി വരും. അവിടെ ഈഗോയൊന്നും വച്ചിട്ട് കാര്യമില്ല. അയാളുടെ കഥാപാത്രത്തിന് എന്താണോ വേണ്ടത് അത് കിട്ടുന്നത് വരെ അദ്ദേഹം ചോദിച്ചുകൊണ്ടേയിരിക്കും. കാരണം ആ സിനിമ മുഴുവൻ അയാളുടെ ശിരസിലാണ്. അത് പാളിപ്പോകാൻ പൃഥ്വിരാജ് അനുവദിക്കില്ല. ”

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലൂസിഫറിലുണ്ടായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും എമ്പുരാന്റെ ഭാഗമാണ്. ലൈക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിംഗ് അഖിലേഷ് മോഹനും.

Leave a Reply

Your email address will not be published. Required fields are marked *