‘മൂന്നാം വയസിൽ എന്നെ ഭർത്താവായി സ്വീകരിച്ചു; ഭാര്യക്കായി ആശുപത്രി പണിയുമെന്ന് ബാല

മൂന്നാം വയസിൽ കോകില തന്നെ ഭർത്താവായി സ്വീകരിച്ചുവെന്നും താൻ ഭാഗ്യവാനാണെന്നും നടൻ ബാല. ഇപ്പോൾ താൻ ജീവിക്കുന്നതാണ് ജീവിതമെന്നും ബാല പറഞ്ഞു. പിറന്നാൾ ആഘോഷത്തിനിടെയാണ് നടൻ തന്റെ ഭാര്യയെക്കുറിച്ച് മനസുതുറന്നത്.

‘മൂന്നാം വയസിൽ ഞാൻ കയ്യിലെടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ അവളുടെ മനസിൽ അവളെന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞത് സ്‌നേഹം ചിത്രശലഭത്തെപ്പോലെ തനിയെ പറന്നുവരുമെന്നാണ്. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ മൂന്ന് മാസം അവളെന്നെ പൊന്നുപോലെ നോക്കി. ഇവൾ ഒരു സാധാരണ സ്‌ത്രീയാണ്, ഡോക്‌ടർ ഒന്നുമല്ല. എനിക്ക് മരുന്നെല്ലാം കൃത്യമായി തന്നു. അങ്ങനെ എന്റെ ആരോഗ്യം നന്നായി.

യുട്യൂബിൽ നോക്കി എനിക്ക് വേണ്ടതെല്ലാം തനിയെ പാകം ചെയ്തുതന്നു. അവൾക്ക് വലിയ ഒരു കഫേ ഉണ്ടായിരുന്നു. അതെല്ലാം വിട്ടിട്ടു വന്നു. അത്തരമൊരു സന്മനസ് ഈ തലമുറയിൽ ആർക്കും ഉണ്ടാകില്ല. ഞാൻ ഭാഗ്യവാനാണ്. ഇപ്പോൾ ഞാൻ ജീവിക്കുന്നതാണ് ജീവിതം. ഇപ്പോൾ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ ഈ സന്തോഷത്തെയും ശല്യം ചെയ്യുന്ന കുറച്ചുപേരുണ്ട്.

ഞാൻ ഇപ്പോൾ ഒരു അങ്കണവാടി തുടങ്ങി. ഇതൊക്കെ സർക്കാരാണ് ചെയ്യേണ്ടത്. പക്ഷേ ഞങ്ങൾ സന്തോഷമായിട്ടാണ് ചെയ്തുകൊടുത്തത്. ഇനി കോകില എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരു ആശുപത്രി നിർമിക്കണം എന്ന്. ഇനി അത് ചെയ്യണം.

ഞാൻ എല്ലാ കാര്യത്തിലും പ്രതികരിച്ചിട്ടുണ്ട്. എന്നെ വേദനിപ്പിക്കുമ്പോഴാണ് ഞാൻ പ്രതികരിക്കുന്നത്. പ്രതികരണം ചിലപ്പോൾ കൂടിപോകാറുണ്ട്. അങ്കണവാടി തുറന്നപ്പോൾ നാട്ടുകാർക്കെല്ലാം സന്തോഷമായി. നന്നായി പഠിക്കുന്ന കുട്ടികൾ ഇവിടെയുണ്ട്. അവർക്കെല്ലാം നല്ലത് ചെയ്യാനാണ് ശ്രമിക്കുന്നത്.

ഞാൻ എന്ത് പാപമാണ് ചെയ്യുന്നത്? ഇപ്പോൾ കോകില ഒരു ക്ളിനിക് പണിയാൻ ശ്രമിക്കുകയാണ്. അത് ചെയ്യുമ്പോഴും വിവാദം ഉണ്ടാക്കുമോ? ഇത് ന്യായമാണോ? ഒരു സ്‌ത്രീയാണ് ഞങ്ങളെക്കുറിച്ച് കമന്റ് ഇട്ടത്. പേര് പറയുന്നില്ല. ഓരോരുത്തരും നിൽക്കേണ്ടിടത്തുതന്നെ നിൽക്കണം.

24 വയസുള്ള കുഞ്ഞുകുട്ടിയാണ് കോകില. മാമാ, 99 പേർക്ക് സഹായം ചെയ്തിട്ട് ഒരാൾക്ക് ശിക്ഷ കൊടുത്താൽ 99 പേർക്ക് ചെയ്ത നല്ല കാര്യത്തിന്റെ ഫലം ഇല്ലാതെ പോകില്ലേ എന്നാണ് കോകില എന്നോട് ചോദിച്ചത്. അവൾ പറഞ്ഞത് ശരിയല്ലേ? ഈ മാസം ഞങ്ങൾ ആറുലക്ഷം രൂപ മറ്റുള്ളവർക്ക് കൊടുത്തിട്ടുണ്ട്. കൊടുക്കുന്നതിൽ ഞാൻ കണക്ക് വയ്‌ക്കാറില്ല. ഞങ്ങളെക്കുറിച്ച് മോശമായി പറയുന്നവരെല്ലാം കൊടുത്തുകാണിക്ക്’- എന്നായിരുന്നു ബാല പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *