മലയാളികളെ ചിരിപ്പിച്ച ഷാഫി; വിട പറഞ്ഞത് സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ

മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചാണ് സംവിധായകന്‍ ഷാഫിയുടെ മടക്കം. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു വിയോഗം.

1995-ല്‍ രാജസേനന്റെ ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടായിരുന്നു ഷാഫിയുടെ വെള്ളിത്തിരയിലെ തുടക്കം. രാജസേനന്റെ തന്നെ ‘ദില്ലിവാല രാജകുമാരന്‍’, സിദ്ദിഖിന്റെ ‘ഹിറ്റ്‌ലര്‍’, ‘ഫ്രണ്ട്‌സ്’ തുടങ്ങിയ സിനിമകളിലും സംവിധാന സഹായിയായി. പിന്നീട് സഹോദരന്‍ റാഫിക്കൊപ്പം റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്‍പിറന്ന ചിത്രങ്ങളിലും ഷാഫി പങ്കാളിയായി.

2001-ല്‍ പുറത്തിറങ്ങിയ ജയറാം, ലാല്‍, സംയുക്തവര്‍മ തുടങ്ങിയവര്‍ അഭിനയിച്ച ‘വണ്‍മാന്‍ഷോ’ ആണ് ഷാഫി സംവിധാനം ചെയ്ത ആദ്യചിത്രം. റാഫി മെക്കാര്‍ട്ടിനായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ. പിന്നീട് കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ലോലിപോപ്പ്, ചട്ടമ്പി നാട് എന്നിങ്ങനെ മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങള്‍ ഷാഫി പ്രേക്ഷകര്‍ക്കായി ഒരുക്കി. ആകെ 17 ചിത്രങ്ങളാണ് ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു ഷാഫിയുടെ മിക്ക ഹിറ്റ് സിനിമകളും. തൊമ്മനും മക്കളും എന്ന സിനിമയുടെ തമിഴ് റീമേക്കായ ‘മജ’യിലൂടെ തമിഴിലും അദ്ദേഹം സാന്നിധ്യമറിയിച്ചു.

സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്.

Leave a Reply

Your email address will not be published. Required fields are marked *