മറ്റുള്ളവരുടെ സ്വകാര്യത ചോർത്തുന്നു; സിനിമയിലെ ചില പ്രമുഖർ ഡാർക്ക് വെബ്ബിലുണ്ട്: കങ്കണാ റണൗട്ട്

ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു എന്ന് കങ്കണാ റണൗട്ട്. കങ്കണ ശനിയാഴ്ച പോസ്റ്റ് ചെയ്ത ഇൻസ്റ്റാ​ഗ്രാം സ്റ്റോറി കണ്ട് ഞെട്ടിയിരിക്കുകയാണ് ഫോളോവർമാർ.

ഫോണുകളിൽ നമ്പർ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ രാജ്യത്ത് നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. തട്ടിപ്പ് കോളുകൾ തടയുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഈ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡിലെ പ്രമുഖർക്കെതിരെ കങ്കണ രൂക്ഷമായ ഭാഷയിൽ ആരോപണങ്ങളുന്നയിച്ചത്.

ഡാർക്ക് വെബ്ബിനെതിരെയും കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടു. പല ജനപ്രിയ സിനിമാ പ്രവർത്തകരും ഡാർക്ക് വെബ്ബിലുണ്ട്. അവിടെ നിന്ന് നിയമവിരുദ്ധമായ പലകാര്യങ്ങളും ചെയ്യുന്നു. കൂടാതെ മറ്റുള്ളവരുടെ വാട്ട്‌സ്ആപ്പ്, മെയിലുകൾ പോലുള്ള ആശയവിനിമയമാർ​ഗങ്ങൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നു. അവരെ പൊളിച്ചടുക്കിയാൽ പല വമ്പൻമാരും വെളിപ്പെടുമെന്നും കങ്കണ കുറിച്ചു.

നിലവിൽ താൻ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രധാനവേഷത്തിലെത്തുന്നതും കങ്കണതന്നെയാണ്. മുൻ പ്രധാനമന്ത്രിഇന്ദിരാ ​ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. മലയാളിതാരം വിശാഖ് നായരും ചിത്രത്തിൽ ഒരു വേഷത്തിലെത്തുന്നുണ്ട്. തമിഴ് സംവിധായകൻ വിജയ് ഒരുക്കുന്ന മാധവൻ നായകനാവുന്ന ചിത്രവും കങ്കണയുടേതായി അണിയറയിലൊരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *