കേസിന്റെ പേരിൽ പൂട്ടിയ ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ചില്ലുകൂട്ടിൽ കുടുങ്ങിയ കുരുവിക്ക് ജില്ലാ ഭരണകൂടം ഇടപെടലിൽ മോചനം. കണ്ണൂർ ഉളിക്കലിലാണ് നിയമ കുരുക്കിനും ചില്ലുകൂടിനും ഉള്ളിൽ കുഞ്ഞിക്കുരുവിയുടെ ജീവിതം തടങ്കലിലായത്. കിളിയുടെ നിസ്സഹായാവസ്ഥ കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടന്ന് കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്.
ഉളിക്കലിലെ ടെക്സ്റ്റൈൽ സ്ഥാപനം കേസിൽ പെട്ട് കോടതി ഉത്തരവ് പ്രകാരം പൂട്ടി സീൽ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് സ്ഥാപനത്തിന്റെ മുൻവശത്തുള്ള ചില്ലുകൂടിൽ കുരുവി കുടുങ്ങിയത്. കടപൂട്ടി സീൽ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാൻ വഴിയില്ലാതായി.
ചില്ലുകൂട്ടിനുള്ളിൽ പറക്കുന്ന കുരുവിയെ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്ന ശ്രമങ്ങൾ നാട്ടുകാർ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നൽകാനും ശ്രമം നടത്തി. ഒടുവിൽ ഫയർഫോഴ്സിനെയും വിവരമറിയിച്ചു. എന്നാൽ കോടതി ഇടപെടലില്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് അവരും നിലപാട് എടുത്തു.
വിഷയം ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അരുൺ കെ. വിജയന്റെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് കുരുവിയെ പുറത്തെത്തിക്കാൻ അദ്ദേഹം നടപടിയെടുത്തത്. കട തുറന്ന് കിളിയെ മോചിപ്പിക്കാൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടർ നിർദേശം നൽകിയതോടെ കിളി മോചനം നേടുകയായിരുന്നു.