തിയേറ്ററില്‍ ഒരു വര്‍ഷത്തിലേറെ പ്രദര്‍ശിപ്പിച്ച ബോളിവുഡ് സിനിമകള്‍

ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച് ഒരു വര്‍ഷത്തിലേറെ തുടര്‍ച്ചയായി തിയേറ്ററുകളില്‍ പ്രദര്‍ശനം നടന്നിട്ടുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ അപൂര്‍വം. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രം, സംവിധാനജോഡികളായ സിദ്ധിഖ്-ലാല്‍ അണിയൊച്ചരുക്കിയ ഗോഡ്ഫാദര്‍ എന്നീ രണ്ടു ചിത്രങ്ങളാണ് മലയാളത്തില്‍ ഒരു വര്‍ഷം പിന്നിട്ടത്.

ബോളിവുഡില്‍ വന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. ഷാരൂഖ് ഖാന്‍-കാജോള്‍ ജോഡികളായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 1995 ഒക്ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം ഇന്നും മുംബൈയില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യന്‍ വെള്ളിത്തിരയിലെ പ്രണയമഹാദ്ഭുതമാണ് ഷാരൂഖ്-കാജോള്‍ ജോഡിയുടെ ചിത്രം. ആദിത്യ ചോപ്രയാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (ഡിഡിഎല്‍ജെ) സംവിധായകന്‍. യാഷ് ചോപ്ര ആണ് നിര്‍മാതാവ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഒന്നാണിത്. മുംബൈയിലെ മറാത്താ മന്ദിര്‍ തിയേറ്ററില്‍ 2014 ഡിസംബര്‍ 12ന് ചിത്രം ആയിരം ആഴ്ചകള്‍ പിന്നിട്ടു ചരിത്രം കുറിച്ചു. ഇപ്പോഴും ഇവിടെ പ്രദര്‍ശനം തുടരുകയാണ്.

ഇതുപോലെ നിരവധി ചിത്രങ്ങളുണ്ട് ബോളിവുഡില്‍. അതില്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ താരങ്ങളും ഉള്‍പ്പെടുന്നു.

അഞ്ചുവര്‍ഷം (286 ആഴ്ചകള്‍) പ്രദര്‍ശിപ്പിച്ച അമിതാഭ് ബച്ചന്റെ ഷോലെ എന്ന ചിത്രമാണ് രണ്ടാം സ്ഥാനത്തുള്ളത്. രമേഷ് സിപ്പിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ധര്‍മ്മേന്ദ്ര, അംജദ് ഖാന്‍, സ്ഞ്ജീവ് കുമാര്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1975 ഓഗസ്റ്റ് 15നാണ് ഷോലെ റിലീസ് ആകുന്നത്.

മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പുത്രന്‍ സലീമും അനാര്‍ക്കലി എന്ന ദരിദ്ര യുവതിയും തമ്മിലുള്ള പ്രണയകഥ പറഞ്ഞ മുഗള്‍ ഇ അസം മൂന്നു വര്‍ഷമാണ് (150 ആഴ്ച) തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.

1960 ഓഗസ്റ്റ് അഞ്ചിനാണ് കെ. ആസിഫ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്.

നര്‍ഗീസ്-രാജ്കപുര്‍ ജോഡികളുടെ ബര്‍സാത്ത് ബോക്‌സ് ഓഫീസിനെ പിടിച്ചുകുലുക്കിയ ചിത്രമാണ്. 1949 ഏപ്രില്‍ 21നാണ് ചിത്രം റിലീസ് ആകുന്നത്. രണ്ടു വര്‍ഷമാണ് (100 ആഴ്ച) ചിത്രം പ്രദര്‍ശിപ്പിച്ചത്.

സല്‍മാന്‍ ഖാന്‍ നായകനായെത്തിയ മേനെ പ്യാര്‍ കിയ (1989 ഡിസംബര്‍ 29), ഹം ആപ്‌കേ ഹെ കോന്‍ (1994 ഓഗസ്റ്റ് 5) എന്നീ രണ്ടു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മിന്നിത്തിളങ്ങിയവയാണ്. ഇരു ചിത്രങ്ങളും ഒരു വര്‍ഷം (50 ആഴ്ച) വീതം പ്രദര്‍ശിപ്പിച്ചു. മേനെ പ്യാര്‍ കിയയില്‍ ഭാഗ്യശ്രീയും ഹം ആപ്‌കേ ഹെ കോനില്‍ മാധുരി ദീക്ഷിതുമായിരുന്നു നായികമാര്‍.

അമീര്‍ ഖാന്‍-കരിഷ്മ കപൂര്‍ ജോഡികളുടെ രാജാ ഹിന്ദുസ്ഥാനി, ഋത്വിക് റോഷന്റെ കഹോ ന പ്യാര്‍ ഹെ, ഷാരൂഖിന്റെ മൊഹബത്തേന്‍ തുടങ്ങിയ ചിത്രങ്ങളും ഒരു വര്‍ഷത്തിലേറെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചവയാണ്.

Leave a Reply

Your email address will not be published. Required fields are marked *