സ്രാവുണ്ട് അല്ലെങ്കിൽ മറ്റ് അപകടകാരികളായ ജീവികളുണ്ട് അതുകൊണ്ട് കടലിലിറങ്ങരുതെന്ന് എഴുതിവച്ചിരിക്കുന്ന ബോർഡുകൾ കണ്ടിട്ടില്ലെ? അങ്ങനെയുള്ള മുന്നറിയിപ്പ് ബോർഡുകൾ ഇപ്പോൾ ജപ്പാനിലെ പല തീരങ്ങളിലും കാണാം. പക്ഷെ ഇത് സ്രാവുകളെ പേടിച്ചൊന്നുമല്ല, മറിച്ച് പൊതുവെ പാവങ്ങളായി കാണുന്ന ഡോൾഫിനെ പേടിച്ചാണ്. കൂട്ടംതെറ്റി തനിച്ചു നടക്കുന്ന ഒരു ഡോൾഫിനാണ് അവിടുള്ളവർക്ക് തലവേദനയായിരിക്കുന്നത്.
ഒറ്റക്ക് ജീവിക്കുകയും ലൈംഗികനൈരാശ്യം അനുഭവിക്കുകയും ചെയ്യുന്ന ഡോൾഫിൻ ഈ വൈകാരിക പ്രശ്നങ്ങൾ മൂലം അപകടകാരിയായി മാറിയതാണെന്നാണ് അധികൃതർ പറയുന്നത്. ജപ്പാനിലെ വക്കാസ ബേയിൽ കടലിൽ നീന്താൻ ഇറങ്ങുന്നവരെയാണ് ഡോൾഫിൻ ആക്രമിക്കുന്നത്. ഈ വർഷം 18 പേർ ഡോൾഫിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ടത്രെ.
മനുഷ്യനെപ്പോലെ തന്നെ ഹോർമോണൽ വ്യതിയാനങ്ങൾ ഉണ്ടാവുന്ന സമയത്ത് ഡോൾഫിനുകൾ ലൈംഗികപരമായ നിരാശ പ്രകടിപ്പിക്കുകയും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും. ഈ മാനസികാവസ്ഥ മൂലമാവാം മുന്നിൽപ്പെടുന്ന മനുഷ്യരെ ഡോൾഫിൻ ആക്രമിക്കുന്നതെന്ന് ജൈവശാസ്ത്രജ്ഞനുമായ ഡോക്ടർ സൈമൺ അലൻ പറയുന്നു.