‘ഞാൻ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കിൽ എന്റെ സിനിമ കൂടുതൽ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു’: അനുരാ​ഗ് കശ്യപ്

സിനിമകളെല്ലാം ബോളിവുഡിലാണെങ്കിലും ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് അനുരാ​ഗ് കശ്യപ്. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങൾ നേടാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ബോക്സോഫീസിൽ അത്ര വിജയമായിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് തുറന്നുസംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

നാ​ഗരാജ് മഞ്ജുളേക്കൊപ്പം ചെയ്യുന്ന കസ്തൂരി-ദ മസ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി പിങ്ക് വില്ലയോടായിരുന്നു അനുരാ​ഗ് കശ്യപിന്റെ പ്രതികരണം. താൻ റിയലിസത്തിനൊപ്പമാണ് നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കണ്ടിട്ടുള്ള 70കളിലും 80കളിലുമിറങ്ങിയ അമിതാഭ് ബച്ചൻ സിനിമകളേപ്പോലെയുള്ളവ ചെയ്യാൻ റിയലിസത്തിനപ്പുറം പോകേണ്ടതുണ്ടെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു.

“ഞാൻ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കിൽ, എന്റെ സിനിമ കൂടുതൽ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു, കാരണം അവർക്ക് അത്തരം പ്രേക്ഷകർ ഉണ്ട്. എനിക്ക് എന്റെ സിനിമകൾ ഹിന്ദിയിൽ മാത്രമേ ചെയ്യാനാവൂ. ഞാൻ ജനിച്ചത് ഉത്തർപ്രദേശിലാണ്. അതുകൊണ്ട് നമുക്ക് ഒന്നും കൂടുതൽ ചെയ്യാൻ കഴിയില്ല.” അനുരാ​ഗ് കശ്യപിന്റെ വാക്കുകൾ.

അമിതമായതെന്തും നല്ലതല്ലെന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. സൂപ്പർ ഹീറോ സിനിമകൾ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് പോലെ ആക്ഷൻ ചിത്രങ്ങളുടെ ട്രെൻഡ് എങ്ങനെ പോകുമെന്ന് അദ്ദേഹം പറഞ്ഞു. ട്രെൻഡിനൊപ്പംനിന്ന് സ്വന്തം സിനിമ റിലീസ് ചെയ്യുന്നവരാണ് ഇതിൽ നിന്ന് പ്രയോജനം നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ചിത്രമായ കസ്തൂരിയുമായി ബന്ധപ്പെട്ട പ്രചാരണത്തിരക്കുകളിലാണ് അനുരാ​ഗ് ഇപ്പോൾ. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത തീയറ്ററുകളിൽ കസ്തൂരി ഉടൻ റിലീസ് ചെയ്യും. അതേസമയം കസ്തൂരിക്ക് മുമ്പ് അനുരാഗ് കശ്യപ് ചെയ്ത കെന്നഡി ഉടൻ തിയേറ്ററുകളിലെത്തും. നിരവധി ചലച്ചിത്രമേളകളിൽ പ്രശംസ നേടിയ ഖ്യാതിയുമായാണ് ചിത്രമെത്തുന്നത്. സണ്ണി ലിയോൺ ആണ് കെന്നഡിയിൽ പ്രധാനവേഷത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *