കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് പരിണമിക്കുന്നു; കുറഞ്ഞ ഓക്സിജനിലും ജീവിക്കാൻ കഴിയും; ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരിൽ പഠനം

മനുഷ്യൻ ഇന്നും പരിണാമത്തിലൂടെ കടന്നുപോവുകയാണോ? അതെ എന്നാണ് ഉത്തരം. നമ്മുടെ കൺമുന്നിൽ തന്നെ മനുഷ്യർക്ക് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന വെളിപ്പെടുത്തലാണ് ഒരു പഠനം നടത്തിയിരിക്കുന്നത്. കെയ്‌സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ എമെരിറ്റ സിന്തിയ ബീലാണ് ​ഗവേഷണത്തിന് പിന്നിൽ.

ടിബറ്റൻ പീഠഭൂമിയിലുള്ളവരെ കുറിച്ചുള്ളതാണ് പഠനം. വളരെ കുറഞ്ഞ ഓക്സിജനിൽ പോലും ജീവിക്കാൻ സാധിക്കുന്ന തരത്തിലേക്ക് ഇവിടെ വസിക്കുന്ന ആളുകൾ പരിണമിച്ചു കഴിഞ്ഞു. ടിബറ്റിലെ കാലാവസ്ഥയ്ക്ക് അനുസൃതമായിട്ടാണ് ഇവരുടെ ഈ പരിണാമം. 10,000 വർഷത്തിലേറെയായി ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ മനുഷ്യരെ കേന്ദ്രീകരിച്ചാണ് പഠനം. ഇവരുടെ ശരീരം ടിബറ്റൻ പീഠഭൂമിയിലെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് മാറിയിരിക്കുന്നു.

ഓക്സിജൻ കുറയുമ്പോൾ മനുഷ്യരിലുണ്ടാകുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥ ഇവിടെയുള്ള മനുഷ്യർക്ക് ഉണ്ടാകുന്നില്ലത്രെ. ഓക്സിജൻ കുറവേ ലഭിക്കുന്നുള്ളൂവെങ്കിലും അതിനെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന രീതിയിലേക്ക് ഇവിടെയുള്ളവരുടെ ശരീരം മാറിയിട്ടുണ്ട്. സ്ത്രീകളിലാണ് ഈ പരിണാമം കൂടുതലായും കാണാനാവുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *