കാതൽ സിനിമയിൽ മറ്റൊരു നടൻ മനസിലുണ്ടായിരുന്നു: തുറന്ന് പറഞ്ഞ് ജിയോ ബേബി

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാതൽ ദി കോർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജിയോ ഇപ്പോൾ. മമ്മൂട്ടിയ്ക്ക് പകരം മറ്റൊരു നടൻ മനസ്സിലുണ്ടായിരുന്നു എന്നാണ് ജിയോ പറയുന്നത്.

മാത്യു എന്ന കഥാപാത്രം മമ്മൂട്ടി ചെയ്‌തില്ലെങ്കിലും, ആ സിനിമ പൂർത്തിയാക്കുമായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്. മറ്റൊരു നടൻ മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദ്യം സുരാജിന്റെ പേരാണ് നിർദ്ദേശമായി വന്നത്. എന്നാൽ തനിക്ക് കഥ കേട്ടയുടൻ മനസിലേക്ക് ഓടി വന്നത് മമ്മൂക്കയുടെ മുഖമാണെന്നും ജിയോ ബേബി പറയുന്നു. ‘ ഞാൻ മമ്മൂക്കയുടെ അടുത്ത് മാത്രമേ പോയിട്ടുള്ളൂ. മമ്മൂക്ക ഇല്ലെങ്കിലും ഈ സിനിമ ചെയ്യുമായിരുന്നു സുരാജിന്റെ പേര് സജഷനായി വന്നിരുന്നു. എന്നാൽ മമ്മൂക്കയിലേക്ക് ആദ്യം ചെല്ലാം, എന്നിട്ട് മതി ബാക്കി എന്നായിരുന്നു തീരുമാനം’ ജിയോ ബേബി വ്യക്തമാക്കി.

‘ഞാനും ആദർശും പോൾസണും ഒരുമിച്ചിരിക്കുമ്പോൾ സജഷൻ വന്നെന്ന് മാത്രമേയുള്ളൂ. മമ്മൂക്ക അത് ചെയ്‌താൽ നന്നാവുമെന്ന് തോന്നി. മമ്മൂക്കയ്ക്കും അത് തന്നെ തോന്നി. മറ്റെല്ലാം സെക്കൻഡ് ഓപ്‌ഷനായിരുന്നു. അദ്ദേഹം ഇല്ലെങ്കിലും നമ്മൾ ഈ സിനിമ ചെയ്യുമായിരുന്നു’ ജിയോ പറയുന്നു.

‘ആദർശിനെയും പോൾസണെയും മുൻ പരിചയമില്ലായിരുന്നു, അവർ കഥ പറയാൻ വന്നതാണ്. എന്റെ അടുത്തേക്ക് എത്തിയപ്പോൾ സ്‌ക്രീൻ പ്ലേയിൽ മാറ്റങ്ങൾ വന്നു. കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടി ചെയ്യണമെന്ന് തോന്നിയിരുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത കാതൽ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

13 വർഷത്തിന് ശേഷം തമിഴ് താര സുന്ദരി ജ്യോതിക മലയാളത്തിൽ അഭിനയിച്ച സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി, ആർഎസ് പണിക്കർ തുടങ്ങിയ ഒരുപിടി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *