ഏറ്റവും നല്ല മതം സ്‌നേഹം, കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ല; അനുസിതാര

മതത്തിന്റെയും വിശ്വാസങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ വിവിധ ചേരികളായി തിരിഞ്ഞ് സംഘടനകളും വ്യക്തികളും പോര്‍വിളികള്‍ നടത്തുന്ന കാലമാണിത്. മതത്തിന്റെ പേരില്‍ എത്രയോ ആയിരങ്ങള്‍ ഇവിടെ വെട്ടിയും കുത്തിയും മരിച്ചിരിക്കുന്നു. ചില പ്രസ്താവനകള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളിലാണ് ഇപ്പോള്‍ കേരളം. ഈ സന്ദര്‍ഭത്തില്‍ യുവതാരം അനുസിതാര പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

തന്റെ അച്ഛനും അമ്മയും രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണെന്ന് അനുസിതാര. എങ്കിലും കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ കുട്ടികളും ചോദിക്കുന്നതുപോലെ ഞാനും ചോദിക്കുമായിരുന്നു. അപ്പോ നമ്മള്‍ക്ക് ജാതിയും മതവുമൊന്നുമില്ലെന്ന് അമ്മ പറയും. ഏറ്റവും നല്ല മതം സ്‌നേഹം ആണെന്നൊക്കെ അച്ഛന്‍ പറഞ്ഞുതരുമായിരുന്നു.

സ്‌കൂളില്‍ കുട്ടികള്‍ ചോദിക്കും, അച്ഛന്റെ പേരെന്താ? ഞാന്‍ പറയും അബ്ദുള്‍ സലാം. അമ്മയുടെ പേര് രേണുക സലാം എന്നുപറയുമ്പോള്‍ അനു മുസ്ലീം ആണോ ഹിന്ദുവാണോ എന്നുചോദിക്കും. അപ്പോള്‍ എനിക്ക് ജാതിയും മതവും ഇല്ലെന്നുപറയും. ഇപ്പോഴും അങ്ങനെ പറയാന്‍ തന്നെയാണ് ഇഷ്ടം. അച്ഛനും അമ്മയും രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണെന്ന ചിന്തയൊന്നും എനിക്കുണ്ടായിരുന്നില്ല. കാരണം ഞാന്‍ അമ്പലത്തില്‍ പോകാറുണ്ട്. കുട്ടിക്കാലത്ത് മദ്രസയില്‍ പോയിട്ടുണ്ട്- അനുസിതാര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *