നാടകാചാര്യൻ എൻ.എൻ. പിള്ളയെക്കുറിച്ച് മകനും നടനുമായ വിജയരാഘവൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.
‘ജനയുഗത്തിൽ അച്ഛൻറെ ആത്മകഥ പ്രസിദ്ധീകരിക്കുന്ന സമയം. ആ സമയത്ത് അമ്പലപ്പുഴയിൽ നാടകത്തിനുപോയപ്പോൾ തകഴിച്ചേട്ടനെ കണ്ടു. അച്ഛനെ എടാ എന്നു വിളിക്കുന്ന ഒന്നോ രണ്ടോ പേരെയേ ഞാൻ കണ്ടിട്ടുള്ളൂ. അതിലൊരാളാണ് തകഴിച്ചേട്ടൻ. അച്ഛനെ തകഴിച്ചേട്ടൻ കെട്ടിപ്പിടിച്ചു, ”എടാ എനിക്കു നിന്നോട് അസൂയയുണ്ട്. നിൻറെ അനുഭവത്തിൻറെ നൂറിലൊരംശം പോലും എനിക്കില്ലാതായിപ്പോയല്ലോ…”
അത്രയേറെ അനുഭവങ്ങളുണ്ട്. പത്തൊമ്പതാമത്തെ വയസിൽ നാടുവിട്ടുപോയ ആളാണ് അച്ഛൻ. മലേഷ്യയിലെത്തി പല പല ജോലികൾ ചെയ്തു. റബർ എസ്റ്റേറ്റിൽ ജോലിയെടുത്തു. മെറ്റീരിയ മെഡിക്ക കോഴ്സ് പഠിച്ചുകഴിഞ്ഞാൽ അന്നു ചെറിയ ഓപ്പറേഷനൊക്കെ ചെയ്യാം. അച്ഛനതും പഠിച്ചു. എസ്റ്റേറ്റിലെ ജോലിക്കാർക്ക് രോഗങ്ങൾ വന്നാൽ ചികിത്സിക്കുന്നത് അച്ഛനാണ്. മെറ്റീരിയ മെഡിക്ക കഴിഞ്ഞ് രണ്ടുവർഷത്തെ കോഴ്സ് കഴിഞ്ഞാൽ എൽ.എം.പി ആവാം. എന്നുവച്ചാൽ പഴയ എം.ബി.ബി.എസ്. അച്ഛൻ പിന്നീട് ഐഎൻഎയിൽ ചേർന്നു. സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ഇംഗ്ലീഷുകാർ പിടിച്ചു. പിന്നീടു രക്ഷപ്പെട്ടു. യുദ്ധം നേരിട്ടു കാണുകയും അതിൻറെ കെടുതികൾ അനുഭവിക്കുകയും ചെയ്തയാളാണ് അച്ഛൻ. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ. അതുകൊണ്ടാണ് തകഴിച്ചേട്ടൻ അദ്ഭുതപ്പെട്ടത്.’ വിജയാരാഘവൻ പറയുന്നു.