‘എല്ലാവരും തൃപ്തിയുടെ പുറകെ;രശ്മികയെ അവ​ഗണിക്കുന്നു’: അനിമൽ നിർമാതാവ് പ്രണയ് റെഡ്ഡി 

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ വമ്പൻ വിജയമായി മുന്നേറുകയാണ്. ചിത്രത്തിൽ നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധ പേടിച്ചുപറ്റിയത് തൃപ്തി ദിമ്രിയായിരുന്നു. താരം വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. ഇപ്പോൾ രശ്മികയെ അവ​ഗണിക്കുന്നു എന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അനിമൽ നിർമാതാവ്  പ്രണയ് റെഡ്ഡി വാങ്ക. 

രൺബീറിന്റെ കഥാപാത്രം കഴിഞ്ഞാൽ ഏറ്റവും ശക്തമായ വേഷമാണ് ​രശ്മിക ചെയ്ത ​ഗീതാജ്ഞലിയുടേത്. രശ്മിക മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നിട്ടും നടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നാണ് പ്രണയ് പറയുന്നത്. ഗീതാഞ്ജലി വളരെ ശക്തമായ കഥാപാത്രമാണ്. എന്നിട്ടുപോലും നിരൂപകര്‍ക്ക് അത് വലിയ പ്രശ്‌നമാണ്. റണ്‍ബീര്‍ കപൂറിനോട് താരതമ്യം ചെയ്യുമ്പോള്‍ രശ്മികയും നന്നായി അഭിനയിച്ചിട്ടുണ്ട്. മുംബൈയിലെ മാധ്യമങ്ങളൊന്നും രശ്മികയെക്കുറിച്ച് സംസാരിക്കുന്നില്ല. അവരെ അവഗണിക്കുന്നു. അതിന് കാരണം പി.ആര്‍ ഏജന്‍സികളായിരിക്കാം. ഏജന്‍സികള്‍ അത് പുറമേയ്ക്ക് കാണിക്കുന്നില്ല. എന്നാല്‍, വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ നമുക്ക് മനസ്സിലാകും. – എന്നാണ് പ്രണയ് പറഞ്ഞത്. 

സോയ വഹാബ് റിയാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തൃപ്തി ദിമ്രി അവതരിപ്പിച്ചത്. ചിത്രത്തിൽ വളരെ ബോൾഡായ രം​ഗങ്ങളിൽ തൃപ്തി അഭിനയിക്കുന്നുണ്ട്. രൺബീറിനൊപ്പമുള്ള പ്രണയ രം​ഗങ്ങൾ വലിയ ശ്രദ്ധനേടിയതോടെ തൃപ്തി വലിയ പ്രേക്ഷക ശ്രദ്ധനേടി. ആറു ലക്ഷം മാത്രമുണ്ടായിരുന്ന തൃപ്തിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 40 ലക്ഷമായി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *