ഇൻസ്റ്റ​ഗ്രാമിൽ അരങ്ങേറി ജപ്പാൻ രാജകുടുംബം; മൂന്ന് ദിവസം കൊണ്ട് നേടിയത് ആറു ലക്ഷത്തിലധികം ഫോളോവേഴ്സിനെ

ഇൻസ്റ്റ​ഗ്രാമിൽ അരങ്ങേറ്റം കുറിച്ച് ജപ്പാൻ രാജകുടുംബം, മൂന്ന് ദിവസം കൊണ്ട് നേടിയത് ആറു ലക്ഷത്തിധികം ഫോളോവേഴ്സിനെ. ഇന്ന് ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് ഇല്ലാത്തവർ കുറവായിരിക്കും. ഒടുവിലിതാ ജപ്പാൻ രാജകുടുംബവും ട്രെൻഡിനൊപ്പം ചേരുകയാണ്. യുവജനങ്ങളിലേക്ക് എത്തിച്ചേരാനാണ് ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നതെന്നാണ് വിവരം. രാജകുടുംബത്തിനുവേണ്ടി സമൂഹമാധ്യമം കൈകാര്യം ചെയ്യുന്നത് കുടുംബത്തിന്‍റെ വിവിധ കാര്യങ്ങളുടെ ചുമതലയുള്ള സർക്കാർ ഏജൻസിയായ ഇംപീരിയൽ ഹൗസ്‌ഹോൾഡ് ഏജൻസിയാണ്. ഇതിനകം പങ്കുവച്ച 22 പോസ്റ്റുകളിൽ മിക്കതും നരുഹിതോ ചക്രവർത്തിയുടെയും മസാക്കോ ചക്രവർത്തിനിയുടെയും ഔപചാരിക ചിത്രങ്ങളാണ്.

കുനൈച്ചോ ജെപി എന്ന യൂസർ നെയമിലുള്ള അംഗീകൃത അക്കൗണ്ട് മറ്റ് ആരെയും പിന്തുടരുന്നില്ല. കൂടാതെ, കമന്‍റ് രേഖപ്പെടുത്താൻ നിലവിൽ ഉപയോക്താക്കൾക്ക് അവസരം നൽകുന്നില്ല. 22 വയസ്സുള്ള മകൾ ഐക്കോ രാജകുമാരിക്കൊപ്പമുള്ള ചക്രവർത്തിയുടെയും ചക്രവർത്തിനിയുടെയും ഫോട്ടോയാണ് ആദ്യം പോസ്റ്റ് ചെയ്തത്. ബ്രൂണെ കിരീടാവകാശി ഹാജി അൽ മുഹ്തദീ ബില്ലയുടെ ഭാര്യ ഉൾപ്പെടെയുള്ള വിദേശരാജ്യത്തെ പ്രമുഖരുമായി ചക്രവർത്തിയും ചക്രവർത്തിനിയും നടത്തിയ കൂടിക്കാഴ്ചകളും മറ്റ് പോസ്റ്റുകളിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *