ലോകത്തിലെ ഏറ്റവും വലിയ പല്ലിവര്‍ഗമാണ് കൊമോഡോ ഡ്രാഗണുകള്‍. 60 തോളം വരുന്ന ഇവയുടെ നീണ്ടുകൂര്‍ത്ത പല്ലുകൾക്ക് ഭയങ്കര മൂർച്ചയാണ്, അതിന്റെ കാരണം പല്ലുകളിലുള്ള ഇരുമ്പിന്റെ അംശമാമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. കിങ്‌സ് കോളേജ് ഓഫ് ലണ്ടനിലെ ഡെന്റല്‍ ബയോസയന്‍സ് വിഭാഗം അധ്യാപകനായ ആരോണ്‍ ലേബ്ലാന്‍കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍. കൊമോഡോകളുടെ പല്ലുകളുടെ അറ്റത്ത് ഓറഞ്ച് നിറമാണ്. ഇതാണ് ഗവേഷകരെ പഠനത്തിലേക്ക് നയിച്ചത്. കൊമോഡോകളുടെ പല്ലിന്റെ അറ്റത് ഇനാമലിനൊപ്പം ഇരുമ്പിന്റെ ഒരു ലെയര്‍ കൂടിയുണ്ടെന്ന് ഇവർ കണ്ടുപിടിച്ചു.
നമ്മൾ ഇരുമ്പുകൊണ്ടുള്ള കത്തി കൊണ്ട് ഇറച്ചി മുറിക്കില്ലെ, അതുപോലെ തന്നെയാണ് ഇവയുടെ പല്ലും. ഇരയെ കടിച്ചുമുറിച്ചു കഴിക്കാന്‍ കൊമോഡോകളെ സഹായിക്കുന്നത് പല്ലിന്റെ അറ്റത്തുള്ള ഇരുമ്പാണ്. കൊമോഡോകളുടെ മൂര്‍ച്ചയുള്ള വളഞ്ഞ പല്ലുകള്‍ ടൈറാനോസോറസ് റെക്‌സ് അഥവാ ടി-റെക്‌സ് ഡൈനസോറുകളുടെ പല്ലുകളോടാണ് ഏറ്റവും സാമ്യം. ജന്തുലോകത്തെ അപകടകാരികളായ ഇരപിടിയന്മാരില്‍ ഒന്നാണ് കൊമോഡോ ഡ്രാഗണുകൾ. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ ഓടാനും നാലുമീറ്റര്‍ വരെ ചാടാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇരയുടെ കഴുത്തില്‍ ചാടിക്കടിച്ചാണ് കൊമോഡോകള്‍ അവയെ കൊല്ലുക.