‘ഇതുവരെ ആരോടും ദേഷ്യപ്പെട്ടിട്ടില്ല, എനിക്ക് ദേഷ്യം വരാറേയില്ല’; മഹിമ നമ്പ്യാര്‍

 മഹിമ നമ്പ്യാര്‍ ഒരു നടി എന്ന നിലയില്‍ ശ്രദ്ധിയ്ക്കപ്പെട്ടത് തമിഴ് സിനിമയിലാണ്. മലയാളത്തെക്കാള്‍ മഹിമയ്ക്ക് ആരാധകരുള്ളതും തമിഴിലാണ്. എന്നാല്‍ മലയാളത്തില്‍ ചെയ്ത സിനിമകള്‍ എല്ലാം ഹിറ്റുമാണ്. ആര്‍ഡിഎക്‌സിലാണ് ഏറ്റവുമൊടുവില്‍ മഹിമ മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ 800 എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.

ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ സ്വഭാവത്തെ കുറിച്ചും രീതികളെ കുറിച്ചും മഹിമ തുറന്ന് സംസാരിച്ചത്. ഒരു നടി എന്നതിനപ്പുറം എല്ലാ കാര്യങ്ങളും വളരെ നിഷ്‌കളങ്കമായി തുറന്ന് സംസാരിക്കുന്ന മഹിമയുടെ രീതികള്‍ തമിഴ് ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. റിയല്‍ ലൈഫ് ഹാസിനി (സന്തോഷ് സുബ്രഹ്‌മണ്യം എന്ന ചിത്രത്തില്‍ ജനീലിയ അവതരിപ്പിച്ച ഹാസിനി എന്ന കഥാപാത്രം) എന്നാണ് തമിഴ് ആരാധകര്‍ മഹിമയെ വിളിയ്ക്കുന്നത്. അതേ കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം.

ഒരു നടിയായാല്‍ ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ പാടില്ല എന്നുണ്ട്. വയസ്സ് വെളിപ്പെടുത്താന്‍ പാടില്ല, എല്ലാ വിഷയങ്ങളും പ്രതികരിക്കാന്‍ പാടില്ല എന്നൊക്കെ പറയും. എന്നാല്‍ എനിക്ക് അതിനോട് യോജിപ്പില്ല. വളരെ സത്യസന്ധമായി പെരുമാറാനാണ് എനിക്കിഷ്ടം. മറച്ചുവച്ച് സംസാരിക്കാന്‍ അറിയില്ല. അതിനെ കുറിച്ച് നെഗറ്റീവ് പറയുന്നവരും ഉണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും അഭിനയിക്കുകയാണോ, ഇത്രയ്ക്കും നിഷ്‌കളങ്കത അഭിനയിക്കണോ എന്നൊക്കെയുള്ള കമന്റുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ യഥാര്‍ത്ഥത്തിലും ഞാന്‍ ഇങ്ങനെ തന്നെയാണ് എന്ന് എന്നെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം- മഹിമ പറഞ്ഞു.

എനിക്ക് ജീവിതത്തില്‍  ദേഷ്യമേ വരില്ല എന്നാണ് മഹിമ പറയുന്നത്. വളരെ കാം സ്വഭാവമാണ് എന്റേത്. ദേഷ്യം എനിക്ക് വരാറേയില്ല. എന്നെ ഒരുപാട് ശല്യപ്പെടുത്തുന്ന തരം വളരെ അണ്‍കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ ഒരു അവസ്ഥ ഇതുവരെ ജീവിതത്തില്‍ വന്നിട്ടില്ല. എന്നെ ചുറ്റി, എന്നെ ഡിസ്റ്റര്‍ബ് ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ ആ സ്ഥലത്ത് നിന്ന് മാറി നില്‍ക്കും, അല്ലെങ്കില്‍ സയലന്റ് ആവും. അതല്ലാതെ ഉച്ചത്തില്‍ സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യില്ല എന്നാണ് മഹിമ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *